ഒക്കൽ ഫാംഫെസ്റ്റ് നാളെ മുതൽ
1598327
Friday, October 10, 2025 2:37 AM IST
പെരുമ്പാവൂർ: നമ്മുടെ കാർഷിക പൈതൃകത്തെയും കാർഷിക സംസ്കൃതിയെയും പുതു തലമുറയ്ക്ക് നേരിട്ട് കാണാനും അനുഭവിക്കാനും അവസരം ഒരുക്കി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഒക്കൽ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ ഈ മാസം 11, 12, 13, 14 തീയതികളിൽ ഒക്കൽ ഫാം ഫെസ്റ്റ് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു.
കാർഷിക പ്രദർശന - വിപണന മേള, സെമിനാറുകൾ, ഡോക്യുമെന്ററി - വീഡിയോ പ്രദർശനം, മഡ് ഫുട്ബോൾ, വനിതകളുടെ പായസ പാചക മത്സരം, ചൂണ്ടയിടൽ മത്സരം, ട്രഷർ ഹണ്ട്, റെയിൻബോ ഡാൻസ് , വിവിധ കലാപരിപാടികൾ തുടങ്ങിയവ ഫാം ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട് എല്ലാദിവസവും രാവിലെ ഒന്പതു മുതൽ ഏഴു വരെയാണ് ഫെസ്റ്റ് നടക്കുന്നത്. ഫാം ഫെസ്റ്റിവലിന് മുന്നോടിയായി ഇന്ന് വൈകിട്ട് നാലിന് ഫാമിലെ ചെളിക്കണ്ടത്തിൽ നടക്കുന്ന മഡ് ഫുട്ബോൾ മത്സരം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യും.
11 ന് ഉച്ചയ്ക്ക് 2.30ന് കൃഷി മന്ത്രി പി. പ്രസാദ് ഫാം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എംപി മുഖ്യപ്രഭാഷണം നടത്തും. 14 ന് വൈകീട്ട് നാലിന് സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യമാണ്.