റവന്യൂ ജില്ലാ കായിക മേള: ഇന്ന് തിരിതെളിയും
1598782
Saturday, October 11, 2025 3:59 AM IST
കൊച്ചി: എറണാകുളം റവന്യൂ ജില്ലാ കായിക മേളയ്ക്ക് ഇന്ന് തിരിതെളിയും. രജിസ്ട്രേഷന് രാവിലെ ആറിന് ആരംഭിക്കും. ആദ്യ മത്സരം 8.30ന് സീനിയര്‍ ബോയ്സിന്റെ 800 മീറ്റര്‍ ഓട്ടമാണ്. 9.30ന് എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് മേളയുടെ ഉദ്ഘാടനം ടി.ജെ. വിനോദ് എംഎല്‍എ നിര്‍വഹിക്കും. കൊച്ചി കോര്പറേഷന് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് വി.എ. ശ്രീജിത്ത് അധ്യക്ഷത വഹിക്കും. പി.വി. ശ്രീനിജിന്‍ എംഎല്‍എ മുഖ്യതിഥിയായിരിക്കും.
ഇന്ന് മുതല്‍ 13 വരെ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ട്രാക്ക് ഇനങ്ങളും 14നും 15നും കോതമംഗലം എംഎ കോളജ് ഗ്രൗണ്ടില്‍ ത്രോ ഇനങ്ങളും നടക്കും. 14 ഉപജില്ലകളില്‍ നിന്നായി സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിൽ 98 ഇനങ്ങളിലായി 2700ഓളം വിദ്യാര്‍ഥികള്‍ മേളയില്‍ മാറ്റുരയ്ക്കും.
കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികൾ, ഒഫീഷ്യല്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണം ഒരുക്കിയിട്ടുണ്ട്. എറണാകുളം എസ്ആര്‍വി സ്കൂളില്‍ പ്രത്യേകം കൗണ്ടറുകള്‍ ഇതിനായി സജ്ജമാക്കും. മേളയ്ക്കെത്തുന്ന വിദ്യാര്‍ഥികളെ ബലൂണ്‍ നല്കി പബ്ലിസിറ്റി കമ്മിറ്റി സ്വീകരിക്കും. എന്‍സിസി, ജെആര്‍സി സ്കൗട്ട് അംഗങ്ങളുടെ സേവനവും ഉണ്ടാകും. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് മേള നടക്കുന്നത്.