ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ശ്രാദ്ധപ്പെരുന്നാള്‍ വിപുലമായി ആചരിക്കും
1598347
Friday, October 10, 2025 3:03 AM IST
പുത്തന്‍കുരിശ്: കാലം ചെയ്ത ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ 26-ാം മുതൽ 31-ാം വരെ വിപുലമായ പരിപാടികളോടു കൂടി ആചരിക്കും. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ കൂടിയ സഭാ മാനേജിംഗ് കമ്മിറ്റിയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. 26 ഞായറാഴ്ച സഭയിലെ എല്ലാ ദൈവാലയങ്ങളിലും ഇതു സംബന്ധിച്ച ചടങ്ങുകൾ നടക്കും.
പ്രധാന ശ്രാദ്ധ പെരുന്നാള്‍ ദിനമായ 31 വെള്ളിയാഴ്ച രാവിലെ 8.30 ന് ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മികത്വത്തിൽ മൂന്നിന്മേല് കുര്‍ബാനയും തുടര്‍ന്ന് അനുസ്മരണ സന്ദേശവും നടത്തും. എത്തിച്ചേരുന്ന എല്ലാ വിശ്വാസികള്‍ക്കും നേര്‍ച്ച സദ്യ നല്‍കും.
2024- 2025 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഓഡിറ്റേഴ്സായ ഷെവലിയാർ ഉമ്മച്ചന് വേങ്കടത്ത്, ബേസില്‍ ജേക്കബ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കും വിശദീകരണങ്ങള്‍ക്കും ശേഷം 2024 - 2025 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഐക്യകണ്ഠേന മാനേജിംഗ് കമ്മിറ്റി അംഗീകരിച്ചു.
യോഗത്തില്‍ എബ്രഹാം മാര്‍ സേവേറിയോസ്, കുര്യാക്കോസ് മാർ ക്ലിമീസ്, മാത്യൂസ് മാര്‍ അന്തിമോസ് എന്നീ മെത്രാപ്പോലീത്താമാരും, സഭാ ട്രസ്റ്റി കമാൻഡര്‍ തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവരും പ്രസംഗിച്ചു.
പാത്രിയര്‍ക്കാസെന്ററിലെ കണ്വന്ഷന് സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതിനും മറ്റ് അനുബന്ധ ക്രമീകരണങ്ങൾക്കുമായി 2.75 കോടി രൂപയുടെ ബജറ്റിനും യോഗം അംഗീകാരം നല്കി.