കായലിലെ പോളപ്പായൽ: മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ
1598800
Saturday, October 11, 2025 4:13 AM IST
ഫോർട്ടുകൊച്ചി: ചീനവല സംരക്ഷണത്തിനും മത്സ്യബന്ധനത്തിനും ഭീഷണിയും പ്രതി സന്ധിയുമുയർത്തി പോളപ്പായൽക്കൂട്ടം. പൈതൃക കൊച്ചിയുടെ സവിശേഷ കാഴ്ചയായ ചീനവല പഴയകാല മത്സ്യബന്ധന രീതിയാണ്.
തീരങ്ങളിൽ കടലേറ്റ-ഇറക്ക വേളകളിൽ വലകൾ വെള്ളത്തിലിറക്കിയാണ് മീൻപിടുത്തം. രാത്രി മുതൽ പുലർച്ചെവരെയുള്ള സമയത്താണ് ചീനവല മത്സ്യബന്ധനം ഏറെയും നടക്കുന്നത്. എന്നാൽ കായലുകളിൽനിന്നു ഒഴുകിയെത്തുന്ന പോളപ്പായലുകൾ വലകളിൽ കുടുങ്ങിയും മത്സ്യ സഞ്ചാരത്തിനും പ്രജനനത്തെയും തടസപ്പെടുത്തുന്നത് ചീനവല തൊഴിലാളികളെ നിത്യ ദാരിദ്രത്തിലാക്കുകയാണ്.
ഒരേ സമയം ഒരു വല വലിക്കാൻ രണ്ടു മുതൽ ഏട്ട് പേർ വരെയുണ്ടാകും. 350 രൂപയും ചെലവുമാണിവരുടെ വേതനം. ചിലയിടങ്ങളിൽ ലഭിക്കുന്ന മത്സ്യത്തിനനുസരിച്ചാണ് പ്രതിഫലം. പ്രതിദിനം 2000 - 4000 രൂപ വരെ ലഭിച്ചാലെ തൊഴിലാളിക്ക് കാര്യമായ വരുമാനമുണ്ടാകൂ. അതിൽ കൂടുതൽ തുക കിട്ടിയാലെ വല ഉടമയ്ക്ക് വരുമാനം ലഭിക്കൂ.
മഴക്കാലത്താണ് ഏറെ ആവശ്യക്കാരുള്ള കായൽ മത്സ്യങ്ങളായ പല്ലി മീൻ, വറ്റ, പുറ മീൻ അടക്കമുള്ളവ ലഭിക്കുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി ഇത്തരം മീനുകൾ അപൂർവമായാണ് ലഭിച്ചത് . ഇത് പോളപായൽ മൂലമാണന്നാണ് വിലയിരുത്തുന്നത് .