ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡ് ശോച്യാവസ്ഥയിൽ
1598788
Saturday, October 11, 2025 4:06 AM IST
ഫോർട്ടുകൊച്ചി: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഫോര്‍ട്ട്കൊച്ചിയിലെ ബസ് സ്റ്റാൻഡ് ശോച്യാവസ്ഥയിൽ. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കോ നാട്ടുകാര്‍ക്കോ യാതൊരു പ്രയോജനവും ഈ ബസ് സ്റ്റാൻഡ് കൊണ്ട് ലഭിക്കുന്നില്ലെന്നാണ് പരാതി.
ഇവിടെ രാത്രി ആയാൽ വെളിച്ചവുമില്ലാത്ത അവസ്ഥയാണ്. യാത്രക്കാർക്ക് ഇരിപ്പിടമില്ല. പേരിന് മാത്രം ഉള്ള ഒരു ഷെഡ് ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിംഗ് കേന്ദ്രമാണ്. ഇവിടെയുള്ള ശുചിമുറിയുടെ അവസ്ഥയും വളരെ പരിതാപകരമാണ്. ഈ കാരണത്താൽ തന്നെ യാത്രക്കാർ ബസ് സ്റ്റാൻഡിൽ കയറാറില്ല. ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്ത്തകന് ഷക്കീര്‍ അലി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ഈ പരാതിയില്‍ നഗരസഭ ഫോര്‍ട്ടുകൊച്ചി സോണല്‍ ഓഫീസില്‍ നിന്ന് നല്കിയ മറുപടിയില്‍ ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ 15 ലക്ഷം രൂപ അനുവദിച്ചതായാണ് പറഞ്ഞിട്ടുള്ളത്.
ഇതിന് നഗരസഭ കൗണ്‍സില്‍ ഭരണാനുമതി നല്‍കിയതായും ടെൻഡർ നടപടികള്‍ പൂര്‍ത്തിയാക്കി നവീകരണ ജോലികള്‍ ആരംഭിക്കുമെന്നുമാണ് മറുപടി. എത്രയും പെട്ടെന്ന് നവീകരണ ജോലികള്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.