ആതിര ജ്വല്ലറി തട്ടിപ്പ്: ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു
1599061
Sunday, October 12, 2025 4:12 AM IST
വൈപ്പിൻ : ആതിര ജ്വല്ലറി തട്ടിപ്പ് കേസിൽ ജ്വല്ലറി ഉടമ പള്ളിപ്പുറം രണ്ടുതൈക്കൽ ആന്റണിക്കെതിരെ മുനമ്പം പോലീസ് പുതിയ ഒരു കേസ് കൂടി ചാർജ് ചെയ്തു. നായരമ്പലം സ്വദേശി ജോർജ് ഞാറക്കൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ ഹർജിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പുതിയ കേസെടുത്തിട്ടുള്ളത്.
2023 ൽ ഹർജിക്കാരന്റെ മകളുടെയും ഭാര്യയുടെയും ഏഴ് പവനോളം വരുന്ന സ്വർണാഭരണങ്ങൾ ജ്വല്ലറിയുടെ ഗോൾഡ് ബെനിഫിറ്റ് സ്കീമിൽ നിക്ഷേപമായി സ്വീകരിക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു.
എന്നാൽ കാലാവധി കഴിഞ്ഞിട്ടും ആഭരണങ്ങൾ തിരികെ തരാതെ വന്നതിനെ തുടർന്നാണ് നിക്ഷേപകൻ കോടതിയെ സമീപിച്ചതും പോലീസ് കേസടുത്തതും. ഇതോടെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ കൂടാതെ ആറിൽപരം കേസുകളാണ് ആതിര ജ്വല്ലറിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുനമ്പം പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.