പള്‍സ് പോളിയോ : ആദ്യദിനം ജില്ലയിൽ 1,71,983 കുട്ടികള്‍ക്ക് നല്കി
1599301
Monday, October 13, 2025 4:18 AM IST
കൊച്ചി: പള്‍സ് പോളിയോ ദിനത്തില്‍ ജില്ലയില്‍ മികച്ച നേട്ടം. ജില്ലയില്‍ അഞ്ചു വയസിൽ താഴെയുള്ള 1,89,737 കുട്ടികള്‍ക്കാണ് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്കാന് ലക്ഷ്യമിട്ടത്. ഇതില്‍ 1,71,983 കുട്ടികള്‍ക്ക് ഇന്നലെ പള്‍സ് പോളിയോ തുള്ളിമരുന്ന് നല്കി. ഇതില്‍ 5,083 ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികളും ഉള്‍പ്പെടും.
1,947 ബൂത്തുകളാണ് ജില്ലയില്‍ ഇതിനായി സജ്ജീകരിച്ചത്. സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ കൂടാതെ ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബോട്ട് ജെട്ടികള്‍, മെട്രോ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലായി 51 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും പ്രവര്‍ത്തിച്ചു.
ആളുകള്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും, കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിനായി 64 മൊബൈല്‍ ടീമുകളെ സജ്ജമാക്കിയിരുന്നു.
കുട്ടികള്‍ക്ക് ഇന്നലെ തുള്ളിമരുന്ന് നല്കാന് സാധിക്കാത്തവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ വീടുകളിലെത്തി വാക്സിന് നല്‍കുന്നതായിരിക്കും.