ആലുവ പാർക്ക് റോഡിലെ അനധികൃത പിരിവ് നിർത്തിച്ചു
1599318
Monday, October 13, 2025 4:51 AM IST
ആലുവ: ആലുവ മുനിസിപ്പൽ പാർക്കിനു മുന്നിൽ കരാറുകാരൻ നടത്തിവന്നിരുന്ന അനധികൃത പിരിവ് പ്രതിഷേധത്തെ തുടർന്ന് നിർത്തി. നഗരസഭാ പാർക്കിൽ കരാറെടുത്തിരുന്നയാൾ പാർക്കിനു മുന്നിലെ പൊതുവഴി കൈയേറി പേ ആൻഡ് പാർക്ക് ബോർഡുകൾ സ്ഥാപിക്കുകയും ഇവിടെ എത്തുന്ന വാഹനങ്ങളിൽനിന്ന് അനധികൃതമായി പാർക്കിംഗ് ഫീസ് വാങ്ങുകയും ചെയ്തിരുന്നതായാണ് പരാതി.
ഇതിനെതിരെ ബിജെപി മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാറിന്റെ നേതൃത്വത്തിലാണ് ഇന്നലെ പ്രതിഷേധം നടന്നത്. മുനിസിപ്പൽ പാർക്കിന് സമീപത്തെ വീടുകളിലേക്ക് പോകുന്നവരെ തടഞ്ഞ് ഭീഷണിപ്പെടുത്തുന്നതും പണം ആവശ്യപ്പെടുന്നതും പതിവായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു.
പൊതുവഴിയിൽ പേ ആൻഡ് പാർക്ക് ബോർഡുകളും പണപ്പിരിവും അനുവദിക്കില്ലെന്നും അനുവദിച്ച സ്ഥലത്ത് മാത്രമേ പണപ്പിരിവ് നടത്താൻ അനുവദിക്കുകയുള്ളു എന്നും കൗൺസിലർമാരായ എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ അറിയിച്ചു.