പതിനാലുകാരനെ മർദിച്ച സംഭവം: ഡിവൈഎസ്പി ഓഫീസ് മാർച്ച് നടത്തും
1599066
Sunday, October 12, 2025 4:12 AM IST
പറവൂർ: ഞാറയ്ക്കൽ മഞ്ഞനക്കാട് മാരാത്തറ സാജുവിന്റെ 14 വയസുള്ള മകനെ മർദിച്ച കേസിലെ പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നിലപാടിൽ പ്രതിഷേധിച്ച് പട്ടികജാതി- വർഗ സംയുക്ത വേദിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 10ന് മുനമ്പം ഡിവൈഎസ്പി ഓഫീസ് മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കോട്ടയം ജിവി രാജ സ്പോർട്സ് സ്കൂൾ വിദ്യാർഥിയും ഫുട്ബോൾ പ്രതിഭയുമായ സാജുവിന്റെ മകനെ ജൂൺ 27നാണ് എട്ടംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദിച്ചത്. ജുവനൈൽ ജസ്റ്റിസ് ആക്ടും, പട്ടികജാതി പീഡന നിരോധന നിയമവും ചുമത്താതെ പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം നൽകിയതിനെതിരെ സിപിഎം ഉൾപ്പടെയുള്ള ഇടതുപാർട്ടികളും മറ്റ് സംഘടനകളും സമരരംഗത്തു വന്നിരുന്നു.
കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന പോലീസ് നിലപാട് ചൂണ്ടിക്കാട്ടി ജൂലൈയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഡിജിപിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണനെ അന്വേഷണ ഉദ്യോഗസ്ഥനായി നിശ്ചയിച്ച് ആഗസ്റ്റ് 18ന് നിശ്ചയിച്ചെങ്കിലും യാതൊരു തരത്തിലുള്ള തുടരന്വേഷണവും ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.
സർക്കാർ തീരുമാനം അട്ടിമറിക്കാനാണ് പോലീസിന്റെ ശ്രമമെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. പുല്ലംകുളം അംബേദ്കർ പാർക്കിന് മുന്നിൽ നിന്നും പ്രകടനം തുടങ്ങും. കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്യും.
മറ്റ് സാമുദായിക സാംസ്കാരിക നായകർ സംസാരിക്കുമെന്ന് ജനറൽ കൺവീനർ വി.എസ്. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ പ്രശോഭ് ഞാവേലി, കൺവീനർ എൻ.ജി. രതീഷ്, കെ.എസ്. ശ്രീരാജ്, എം.കെ. വിജയൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.