ശബരിമല സ്വര്‍ണപ്പാളി മോഷണ വിവാദം; കോൺഗ്രസ് പ്രതിഷേധിച്ചു
1599335
Monday, October 13, 2025 5:12 AM IST
മൂവാറ്റുപുഴ: വിശ്വാസികള്‍ക്ക് എതിരായ നിലപാടാണ് സിപിഎം എല്ലാ കാലവും കൈകൊണ്ടിട്ടുള്ളതെന്ന് അയ്യപ്പ സേവാ സംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡി. വിജയകുമാര്‍. ശബരിമലയില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ വിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്നതാണ്. ശബരിമല സ്വര്‍ണപ്പാളി മോഷണ വിവാദത്തില്‍ കോണ്‍ഗ്രസ് മൂവാറ്റുപുഴ, മഞ്ഞള്ളൂര്‍ ബ്ലോക്ക് കമ്മിറ്റികള്‍ സംഘടിപ്പിച്ച അയ്യന് സാക്ഷി നൈറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിശ്വാസികളെ ദ്രോഹിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ശബരിമലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത്. യുഡിഎഫ് ശബരിമലയെ പുണ്യഭൂമിയായി കാണുന്നത് കൊണ്ടാണെന്ന് ഇതെന്നും വിജയകുമാര്‍ പറഞ്ഞു.
മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍നിന്നും ആരംഭിച്ച മാര്‍ച്ച് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ജോസഫ് വാഴക്കന്, മാത്യു കുഴല്നാടന് എംഎല്‍എക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ അധ്യക്ഷത വഹിച്ചു. വെള്ളൂര്‍ക്കുന്നം വരെയാണ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. തുടർന്ന് ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയിൽ സാബു ജോണ്‍ അധ്യക്ഷത വഹിച്ചു. സുഭാഷ് കടയ്ക്കോട്, കെ.എം. സലിം, പി.പി. എല്‍ദോസ്, കെ.എം. പരീത് തുടങ്ങിയവരും പങ്കെടുത്തു.