കാത്തിരിപ്പിനൊടുവിൽ കന്നിപ്പൊന്ന്
1599308
Monday, October 13, 2025 4:18 AM IST
കൊച്ചി: അത്ലറ്റിക് മീറ്റുകളില്‍ പതിവായി പങ്കെടുക്കാറുണ്ടെങ്കിലും പുത്തന്‍വേലിക്കര വിസിഎസ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥി വി.ബി. വിഗ്നേശ്വറിന് സ്വര്‍ണം അണിയാനുള്ള ഭാഗ്യം മുമ്പ് ഉണ്ടായിരുന്നില്ല. ഇത്തവണ പക്ഷെ ആ കുറവ് നികത്തി. സീനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്ജംപില് മികച്ച പ്രകടനം നടത്തിയാണ് ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ജില്ലാ സ്കൂള്‍ മീറ്റിലെ തന്റെ ആദ്യ കന്നിപ്പൊന്ന് സ്വന്തമാക്കിയത്.
ആദ്യ റൗണ്ടിലെ ഒന്നും മൂന്നും അവസരങ്ങള്‍ പാഴാക്കിയ വിഗ്നേശ്വര്‍ രണ്ടാം അവസരത്തില്‍ കുറിച്ച 5.65 മീറ്ററിന്റെ പിന്‍ബലത്തിലാണ് ഒന്നാമതെത്തിയത്. സ്കൂളില്‍ മികച്ച ജംപ് പിറ്റ് ഇല്ലാത്തതിനാല്‍ ആഴ്ചയില്‍ മൂന്ന് ദിവസം മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ പിറ്റിലായിരുന്നു പരിശീലനം.
സബ്ജില്ലാതല മത്സരത്തില്‍ 5.83 മീറ്റര്‍ കുറിച്ചതാണ് കരിയറിലെ മികച്ച പ്രകടനം. പുത്തന്‍വേലിക്കര ബിനേഷ്കുമാര്‍-രാജി ദമ്പതികളുടെ മകനാണ്. ജീഷ്കുമാറാണ് കോച്ച്.