ബ്ലൈൻഡ് സ്കൂൾ ബോയ്സ് ഹോസ്റ്റൽ പ്രവർത്തനമാരംഭിച്ചു
1599062
Sunday, October 12, 2025 4:12 AM IST
ആലുവ: കേരള ബ്ലൈൻഡ് സ്കൂൾ സൊസൈറ്റിയുടെ എംപ്ലോയബിലിറ്റി സെന്റർ ബോയ്സ് ഹോസ്റ്റൽ പ്രവർത്തനമാരംഭിച്ചു. സിന്തൈറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ് ഉദ്ഘാടനം ചെയ്തു. ആലുവ ഫെലോഷിപ്പ് ഹൗസ് റസിഡന്റ് മാനേജർ ഫാ. ജോൺ കെ. ജേക്കബ് കൂദാശ കർമം നിർവഹിച്ചു.
കേരള ബ്ലൈൻഡ് സ്കൂൾ സൊസൈറ്റി പ്രസിഡന്റ് രാജു വർഗീസ്, ഓർബിക് കമ്മിറ്റി ചെയർമാൻ പി.ടി. മാത്യു, പ്രഫ. ഡോ. തോമസ് മാത്യു, ഹെഡ്മിസ്ട്രസ് ജിജി വർഗീസ്, പവിത്രൻ നായർ എന്നിവർ പ്രസംഗിച്ചു. സിന്തൈറ്റ് ഗ്രൂപ്പ് 35 ലക്ഷം രൂപ ചെലവഴിച്ചാണ് ഹോസ്റ്റൽ നിർമിച്ചത്.
കാഴ്ചപരമായ വെല്ലുവിളി നേരിടുന്ന ഉദ്യോഗാർഥികൾക്ക് കംപ്യൂട്ടർ, ഇംഗ്ലീഷ് ആശയ വിനിമയം, മൊബിലിറ്റി തുടങ്ങി തൊഴിൽ വൈദഗ്ദ്യ പരിശീലനം നൽകി വരുന്ന സ്ഥാപനമാണ് ഓർബിക് എനേബിൾ ഇന്ത്യ പരിവർത്തൻ സെന്റർ. താമസം, ഭക്ഷണം, പരിശീലനം പൂർണമായും സൗജന്യമാണ്.
കംപ്യൂട്ടർ അധിഷ്ഠിത പരിശീലനത്തിന്റെ ഓൺലൈൻ കോഴ്സുകളും ഓഫ് ലൈൻ കോഴ്സുകളും ഇവിടെ നടക്കുന്നു. ഇവിടെ നിന്നും പരിശീലനം നേടിയ വിദ്യാർത്ഥികൾ വിവിധ കമ്പനികളിൽ പ്രവർത്തിച്ചു വരുന്നു.