കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വിദ്യാർഥികൾ ശുചീകരിച്ചു
1599068
Sunday, October 12, 2025 4:12 AM IST
ആലുവ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ശുചീകരണ പ്രവർത്തനം നടത്തി എടത്തല അൽ അമീൻ കോളേജ് എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികൾ. ക്ലീനിംഗ് ഡ്രൈവ് പരിപാടി കെഎസ്ആർടിസി സ്റ്റേറ്റ് ഹൗസ്കീപ്പിംഗ് കോ ഓർഡിനേറ്റർ ശശികല ഗജ്ജാർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഡോ. നിഷാ ജോസഫ് അധ്യക്ഷത വഹിച്ചു.
ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ബിനിൽ ആന്റണി, ആർ. പ്രദീപ് കുമാർ, ബിനു സെവിയർ എന്നിവര്‍ സംസാരിച്ചു. എൻഎസ്എസ് സന്നദ്ധപ്രവർത്തകർ ബസ് സ്റ്റാൻഡ് പരിസരം വൃത്തിയാക്കി. മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുകയും, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ നീക്കം ചെയ്യുകയും ചെയ്തു.
പ്രവർത്തനത്തിനിടെ യാത്രക്കാരെയും വ്യാപാരികളെയും ശുചിത്വത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രചാരണ പ്രവർത്തനങ്ങളും നടത്തി.