കൊച്ചി-മുസിരിസ് ബിനാലെ: 20 രാജ്യങ്ങളില്‍നിന്നു പ്രതിനിധികളെത്തും
1599054
Sunday, October 12, 2025 4:04 AM IST
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന് നടത്തുന്ന കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തിൽ 20 രാജ്യങ്ങളില്‍ നിന്നു കലാകാരന്മാരും കൂട്ടായ്മകളും പങ്കെടുക്കും. ഡിസംബര്‍ 12 ന് ആരംഭിച്ച് മാര്‍ച്ച് 31 ന് അവസാനിക്കുന്ന 110 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഇക്കുറി ബിനാലെ.
അബുൽ ഹിഷാം, ആദിത്യ പുത്തൂർ, അഡ്രിയാൻ വില്ലാർ റോജാസ്, പി.എൻ. അലി അക്ബർ , ആന്യ ഇബ്ഷ്- ഗ്രുന്റാലെർ, ആരതി കദം, അഥിന കൂമ്പറൂളി, ബാനി അബിദി-അനുപമ കുണ്ഡൂ, ഭാഷ ചക്രബർത്തി, ബിരാജ് ദോഡിയ, ബിരേന്ദർ യാദവ്, സിന്ധ്യ മാർസെല്‍, ധീരജ് റാഭ, ദിമ സ്രൂജി-പിയേറോ തോമസോണി എന്നിവർ ബിനാലെയ്ക്കെത്തുന്ന കലാപ്രവർത്തകരുടെ പട്ടികയിലുണ്ട്.
പ്രശസ്ത കലാകാരനായ നിഖില്‍ ചോപ്രയും അദ്ദേഹം ഉള്‍പ്പെടുന്ന എച്ച്എച്ച് ആര്‍ട്ട് സ്പേസസ് ഗോവയുമാണ് ബിനാലെ ആറാം ലക്കം ക്യൂറേറ്റ് ചെയ്യുന്നത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയാണ് കൊച്ചി-മുസിരിസ് ബിനാലെ. ഫോര്‍ ദി ടൈം ബീയിംഗ് എന്നതാണ് ആറാം ലക്കത്തിന്റെ പ്രമേയം.