മുനമ്പം വിഷയം : യുഡിഎഫ് നിലപാട് ശരിയെന്ന് തെളിഞ്ഞെന്ന് മുഹമ്മദ് ഷിയാസ്
1599051
Sunday, October 12, 2025 4:04 AM IST
കൊച്ചി: സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് അതില്‍ നിന്ന് രാഷ്ട്രീയ ലാഭം ഉണ്ടാക്കാനുള്ള സിപിഎം-ബിജെപി ശ്രമങ്ങളാണ് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധിയിലൂടെ ഇല്ലാതായതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
മുനമ്പം വഖഫ് ഭൂമിയല്ലെന്ന് തുടക്കം മുതല്‍ നിലപാടെടുത്തത് കോണ്‍ഗ്രസും യുഡിഎഫുമാണ്. മുനമ്പത്ത് നിന്ന് ഒരാളെയും ഇറക്കി വിടില്ലെന്നും കോണ്‍ഗ്രസ് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇരു സമുദായങ്ങളെയും തമ്മില്‍ തല്ലിച്ചു രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിച്ചത്.
എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ബിജെപിയാകട്ടെ കേന്ദ്ര ഭരണം മറയാക്കി മുനമ്പത്തെ സാധാരണക്കാരായ ജനങ്ങളെ വഞ്ചിച്ചു. ഹൈക്കോടതി വിധിയോടെ കോണ്‍ഗ്രസും യുഡിഎഫും തുടക്കം സ്വീകരിച്ച നിലപാട് ശരിയാണെന്ന് തെളിഞ്ഞതായും ഷിയാസ് പറഞ്ഞു.
മുനമ്പം നിവാസികളുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കണം: ടോമി കെ. തോമസ്
കൊച്ചി: മുനമ്പം തർക്കഭൂമി സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുനമ്പം നിവാസികളുടെ തടഞ്ഞുവച്ചിരിക്കുന്ന എല്ലാ റവന്യു അവകാശങ്ങളും എത്രയും വേഗം പുനസ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ്-എം ജനറൽ സെക്രട്ടറി ടോമി കെ. തോമസ് ആവശ്യപ്പെട്ടു. ആവശ്യമായ പരിശോധനയോ സർക്കാർ ഉത്തരവോ ഇല്ലാതെയാണ് റവന്യു അധികൃതർ റവന്യു അവകാശങ്ങൾ തടസപ്പെടുത്തിയത്.
ഹൈക്കോടതി വിധി ഉണ്ടായ സാഹചര്യത്തിൽ വർഷങ്ങളായി ദുരിതം പേറുന്ന മുനമ്പം ജനതയുടെ കണ്ണീർ തുടയ്ക്കാനാണ് നടപടി ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.