പെരുമറ്റം പാലത്തിന്റെ വീതി കൂട്ടുന്നു
1599337
Monday, October 13, 2025 5:12 AM IST
മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ പ്രധാന പാലങ്ങളില്‍ ഒന്നായ പെരുമറ്റം പാലത്തിന്റെ വീതി കൂട്ടുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 16 മീറ്റര്‍ നീളവും 7 മീറ്റര്‍ വീതിയുമുള്ള പാലത്തിനോട് ചേര്‍ന്ന് നാലുമീറ്റര്‍ കൂട്ടി ചേര്‍ത്താണ് വീതി വര്‍ധിപ്പിക്കുന്നത്.
മൂന്ന് സ്പാനുകളില്‍ ആയിട്ടാണ് പുതുതായി ചേര്‍ക്കുന്ന പാലത്തിന്റെ സ്ലാബുകള്‍ ഉറപ്പിക്കുന്നത്. ഒറ്റവരി ഗതാഗതം മാത്രം സാധിക്കുന്ന ഈ പാലത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതോടെ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് പാലം വീതി കൂട്ടിയത്.
മുളവൂരില്നിന്ന് ആരംഭിച്ച് മൂവാറ്റുപുഴയാറില്‍ കടവുംപാട് തോട്ടിലെ വെള്ളച്ചാട്ടത്തിന് മുകളിലായിട്ടാണ് പാലം നിര്‍മിച്ചിരിക്കുന്നത്. മൂന്നാറിലേക്ക് പോകുന്ന വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ യാത്രക്കാരെ ആകര്‍ഷിക്കുന്നതാണ് ഈ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നിലനിര്‍ത്തിയാകും പാലത്തിന്റെ നിര്‍മാണം.