പാദരക്ഷാ വിലവ്യത്യാസം: സർക്കാർ ഇടപെടണമെന്ന് വ്യാപാരികൾ
1599320
Monday, October 13, 2025 4:51 AM IST
ആലുവ: കേന്ദ്ര സർക്കാർ ജിഎസ് ടിയിൽ വരുത്തിയ കുറവ് നല്കുന്നില്ലെന്ന പേരിൽ പാദരക്ഷാ വ്യാപാര സ്ഥാപനങ്ങളിൽ ഉപഭോക്താക്കളുമായി തർക്കം ഉണ്ടാകുന്നതായി വ്യാപാരികൾ. ജിഎസ്ടി 12 ശതമാനത്തിൽ നിന്നും അഞ്ചു ശതമാനത്തിലേക്ക് മാറിയതിലുള്ള ആശയക്കുഴപ്പം മാറ്റാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള റീട്ടെയിൽ ഫുട്വെയേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
പന്ത്രണ്ട് ശതമാനം ജിഎസ് ടിയിൽ സ്റ്റോക്കുള്ള ഉൽപന്നങ്ങൾ 2026 മാർച്ച് 31 വരെ വിറ്റഴിക്കാൻ സർക്കാർ അനുമതിയുള്ളപ്പോഴാണ് ഈ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഇത് സമ്മർദത്തിലാക്കുന്നതായാണ് വ്യാപാരികളുടെ വിശദീകരണം.
ഈ വിഷയത്തിൽ ഉപഭോക്താക്കളെ വ്യക്തമായി ബോധ്യപ്പെടുത്തുന്ന രീതിയിൽ അറിയിപ്പുകളോ സർക്കുലറുകളോ പുറപ്പെടുവിച്ച് സംഘർഷാവസ്ഥ ഒഴിവാക്കി തരണമെന്ന് ആലുവയിൽ ചേർന്ന എറണാകുളം ജില്ലാ കെആർഎഫ് എ. പ്രതിനിധി സമ്മേളനം കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
ഹുസൈൻ കുന്നുകര അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ ഭാരവാഹികളായി ഹുസൈൻ കുന്നുകര -പ്രസിഡന്റ്, ജൈജു വർഗീസ് -ജനറൽ സെക്രട്ടറി, മുഹമ്മദ് കാസിം -ട്രഷറർഎന്നിവരെ തെരഞ്ഞെടുത്തു.