ബാസ്കറ്റ്ബോൾ കളിപ്പിച്ചും തന്ത്രങ്ങള്‍ പഠിപ്പിച്ചും റിച്ചാർഡ് ലീ ബ്രൂക്സ്
1599839
Wednesday, October 15, 2025 3:58 AM IST
കൊച്ചി: ബാസ്കറ്റ് ബോള്‍ കളിപ്പിച്ചും കളിയുടെ തന്ത്രങ്ങള്‍ പഠിപ്പിച്ചും ലോകപ്രശസ്ത ബാസ്കറ്റ്ബോൾ പരിശീലകന് റിച്ചാര്‍ഡ് ലീ ബ്രൂക്സ്. സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി എറണാകുളം ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന് പരിശീലകര്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിച്ച ബാസ്കറ്റ്ബോള്‍ ശില്പശാലയിലാണ് ലീ ബ്രൂക്സ് എത്തിയത്.
പ്രാക്ടീസ് സെഷനുകള്‍ എങ്ങനെ സംഘടിപ്പിക്കാമെന്ന് ക്ലാസുകളിലൂടെ വിവരിച്ച അദ്ദേഹം കളത്തില്‍ പ്രയോഗിക്കേണ്ട പ്രതിരോധ നീക്കങ്ങളടക്കം പറഞ്ഞുകൊടുത്തു. മുപ്പതോളം പരിശീലകരെ കൂടാതെ രാജഗിരിയില്‍ നിന്നും എഴുപതോളം കുട്ടികളും ഏകദിന ശില്പശാലയില് പങ്കെടുത്തു.
യൂത്ത് ബാസ്കറ്റ്ബോള്‍ ഡവലപ്മെന്റ് മേഖലയില്‍ വിദഗ്ധനായ റിച്ചാര്‍ഡ് ലീ ബ്രൂക്സ് വിവിധ വര്‍ഷങ്ങളില്‍ യുഎസ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ കോച്ച് ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ശില്പശാല, രാജഗിരി പബ്ലിക് സ്കൂള്‍ ഡയറക്ടര്‍ ഫാ. പൗലോസ് കിടങ്ങേന് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റര്‍ ഫാ. റിന്റില്‍ മാത്യു, ബാസ്കറ്റ്ബോള്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഷിഹാബ് നീറുങ്കല്‍, സെക്രട്ടറി ജയ്സണ്‍ പീറ്റര്‍, ട്രഷറര്‍ ഷാജി ജോസഫ്,
ടീം റീ ബൗണ്ട് പ്രസിഡന്റ് ജോര്‍ജ് സക്കറിയ, ചാവറ പബ്ലിക് സ്കൂള്‍ ഡയറക്ടര്‍ ഫാ. മാര്ട്ടിന് മുണ്ടാടന്‍, ഫാ. മാത്യു കിരിയാന്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റിച്ചാര്‍ഡിനൊപ്പം അദ്ദേഹത്തിന്റെ പത്നിയും എത്തിയിരുന്നു.