വലിയ കുടുംബങ്ങൾ സഭയുടെ വലിയ സന്തോഷം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
1599656
Tuesday, October 14, 2025 7:31 AM IST
മൂവാറ്റുപുഴ: കുടുംബങ്ങൾ ദൈവപരിപാലനയിൽ ആശ്രയിക്കണമെന്നും കൂടുതൽ മക്കളുള്ള വലിയ കുടുംബങ്ങൾ സഭയുടെ വലിയ സന്തോഷമാണന്നും കുടുംബങ്ങളുടെ ഉയർച്ചയും വളർച്ചയും സഭയുടെ ലക്ഷ്യമാണന്നും കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ഫാമിലി അപ്പോസ്തലേറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടന്ന വലിയ കുടുംബങ്ങൾക്കായുള്ള സംഗമം ജീവ ബിഗ് ഫാമിലി മീറ്റ് 2025ന്റെ ഉദ്ഘാനം നിർവഹിക്കുകയായിരുന്നു. മാതാപിതാക്കൾ മക്കളെ ദൈവ വിശ്വാസത്തിൽ വളർത്തണമെന്നും കുടുംബങ്ങൾ പ്രാർഥനയുടെ ഇടങ്ങളായി മാറണമെന്നും ബിഷപ് ഉദ്ബോധിപ്പിച്ചു. വലിയ കുടുംബങ്ങളെ പ്രോൽസാഹിപ്പിക്കുന്ന നിരവധി പരിപാടികൾ രൂപത തലത്തിൽ സഭ ചെയ്യുന്നതായും പറഞ്ഞു.
ഫാമിലി അപ്പോസ്തലേറ്റ് രൂപത ഡയറക്ടർ റവ. ഡോ. ആന്റണി പുത്തൻകുളം കുർബാന അർപ്പിച്ച് സന്ദേശം നൽകി. തുടർന്നു മാതാപിതാക്കൾക്കും കുട്ടികൾക്കും വെവ്വേറ നടന്ന സെമിനാറിന് ബ്രദർ എൽവിൻസ് കോട്ടൂരാനും ടീം അഗങ്ങളും നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ കോതമംഗലം രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
കോതമംഗലം രൂപത സോഷ്യൽ സർവീസ് വിഭാഗം ഡയറക്ടർ ഫാ. ജോസഫ് കൊച്ചുപറമ്പിൽ സ്വാഗതവും, അസിസ്റ്റന്റ് ഡയറക്ടർ ഫാ. പൗലോസ് നെടുംതടത്തിൽ നന്ദിയും പറഞ്ഞു.
സീറോ മലബാർ സഭയുടെ പ്രോ ലൈഫ് അപ്പോസ്തലേറ്റ് ഗ്ലോബൽ സെക്രട്ടറി ജോയ്സ് മുക്കുടം ജാലവിദ്യയുടെ അകമ്പടിയോടുകൂടി നടത്തിയ സന്ദേശം ഏറെ ശ്രദ്ധേയ ആകർഷിച്ചു. യോഗത്തിന്റെ സമാപനത്തിൽ വലിയ കുടുംബങ്ങളെ പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.
കോതമംഗലം രൂപത ലഹരി വിരുദ്ധ ക്യാമ്പയിൻ സജീവം ലഹരി വിരുദ്ധ പ്രോജക്ടിന്റെ നേതൃത്വത്തിൽ നടന്ന ഷോർട്ട് ഫിലിം മത്സരത്തിൽ വിജയിച്ചവർക്ക് അവാർഡ് നൽകി. വലിയ കുടുംബങ്ങളിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ യോഗത്തിന് കൊഴുപ്പേകി. ജോൺസൻ കറുകപ്പിള്ളിൽ, റോബിൻ ആന്റണി, ജോസ് കോടമുള്ളിൽ, ഡിഗോൾ ജോർജ് എന്നിവർ നേതൃത്വം നൽകി.