സ്കൂളിന്റെ സ്ഥലം വിട്ടുകിട്ടണമെന്ന ആവശ്യം കോടതി തള്ളി
1599637
Tuesday, October 14, 2025 7:31 AM IST
മൂവാറ്റുപുഴ: സ്ഥലം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആറൂർ ഗവ. ഹൈസ്കൂളിനെതിരേ സ്വകാര്യ വ്യക്തി നൽകിയ ഹർജിയിൽ സ്കൂളിന് അനുകൂല വിധി. പാലക്കുഴ വട്ടക്കാവില്‍ ബാബു കുര്യാക്കോസാണ് സ്കൂളിന്റെ കൈവശമുള്ള 69.500 സെന്റ് സ്ഥലം തന്റേതാണെന്നും ഇത് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് ഹർജി നൽകയത്.
2000ല്‍ മൂവാറ്റുപുഴ മുന്‍സിഫ് കോടതിയിലാണ് ആദ്യം അന്യായം നല്‍കിയത്. പിന്നീട് ഇത് പിന്‍വലിച്ച് സബ് കോടതിയില്‍ ഹർജി ഫയല്‍ ചെയ്തു. ശേഷം ഈ കേസ് പെരുമ്പാവൂര്‍ സബ് കോടതിയിലേക്ക് മാറ്റി.
എന്നാല്‍ പിന്നീട് പെരുമ്പാവൂര്‍ കോടതി ഈ കേസ് തള്ളിയിരുന്നു. ഈ ഉത്തരവിനെതിരേ വാദി മൂവാറ്റുപുഴ അഡീഷണല്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. നീണ്ട ഇരുപത്തിയഞ്ച് വര്‍ഷമായുള്ള നിയമയുദ്ധത്തിന് ഒടുവിൽ വിശദമായി വാദം കേട്ട് മൂവാറ്റുപുഴ അഡീഷണല്‍ ജില്ല ജഡ്ജി കെ.എന്‍. ഹരികുമാറാണ് ഹർജി തള്ളി ഉത്തരവിട്ടത്. കേസില്‍ സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ കെ.എസ്. ജ്യോതികുമാര്‍, സ്കൂള്‍ പിറ്റിഎയ്ക്കു വേണ്ടി എ.കെ. ജയപ്രകാശ് എന്നിവര്‍ ഹാജരായി.