കരുമാലൂർ പഞ്ചായത്തിൽ പുഴ നികത്തൽ; മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്തു
1599658
Tuesday, October 14, 2025 7:31 AM IST
ആലങ്ങാട്: കരുമാലൂർ പഞ്ചായത്തിലെ 12 -ാം വാർഡിൽ കടൂപ്പാടത്ത് പുഴ നികത്തുന്നതായി കണ്ടെത്തി. പുഴ നികത്താനായി എത്തിച്ച മണ്ണുമാന്തി യന്ത്രം ഉൾപ്പടെ ആലുവ ഈസ്റ്റ് പോലീസ് പിടിച്ചെടുത്തു.
പെരിയാറിന്റെ തീരത്ത് അനധികൃതമായി പ്ലാസ്റ്റിക് മാലിന്യങ്ങളും ഖരമാലിന്യങ്ങളും നിക്ഷേപിക്കുന്നതായി നാട്ടുകാർ പോലീസിലും കരുമാല്ലൂർ പഞ്ചായത്ത് ആരോഗ്യവിഭാഗത്തിലും അറിയിച്ചിരുന്നു. ഇത് പരിശോധിക്കാനെത്തിയപ്പോഴാണ് അനധികൃതമായി പുഴ നികത്തുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു.
പുഴ നികത്തുന്ന ഭാഗത്തോടു ചേർന്നുള്ള സ്ഥലത്ത് രണ്ടു സ്വകാര്യ വ്യക്തികൾ പാർപ്പിട സമുച്ചയം നിർമിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.എന്നാൽ ഇടക്കാലത്ത് നിർമാണം പാതിവഴിയിൽ നിലച്ചു. പുഴ നികത്തിയെടുക്കാനായി വൻതോതിൽ ഖരമാലിന്യങ്ങളും മറ്റും ഇവിടെ ശേഖരിച്ചിട്ടുണ്ട്. ഈ ഭൂമിയിലുള്ള ഒരുകിണർ മാലിന്യങ്ങൾ നിക്ഷേപിച്ച് ഇവർ മൂടിക്കളഞ്ഞിട്ടുണ്ട്.
ജൽ ജീവൻ പദ്ധതിക്കായി റോഡ് കുത്തിപ്പൊളിച്ച മാലിന്യങ്ങളും മണ്ണും വൻതോതിൽ പുഴ നികത്താൻ ഉപയോഗിച്ചതായി പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ജൽജീവൻ പദ്ധതിയിലെ മണ്ണ് അനധികൃത ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനെതിരെ പഞ്ചായത്തും നടപടിക്കൊരുങ്ങുകയാണ്. പുഴ നികത്തുന്നതിലും മാലിന്യ നിക്ഷേപത്തിലും നടപടി ആവശ്യപ്പെട്ട് കളക്ടർ, പഞ്ചായത്ത് സെക്രട്ടറി, പോലീസ് എന്നിവർക്ക് കടൂപ്പാടം മേത്തരിപ്പറമ്പിൽ എം.കെ. ഫൈസൽ പരാതി നൽകി.