വനിതാ ആശുപത്രി സൂപ്രണ്ടിനുനേരേ കൈയേറ്റം: കര്‍ശന നടപടി വേണമെന്ന് കെജിഎംഒ
1599638
Tuesday, October 14, 2025 7:31 AM IST
കൊച്ചി: പിറവം താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോ. എം. രാജലക്ഷ്മിയെ അഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത അസിസ്റ്റന്റ് സര്ജന് ഡോ. ഫവാസ് മജീദിനെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി രംഗത്തുവരുമെന്നും കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) ജില്ലാ കമ്മിറ്റി.
ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയതായും കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ. ടി. സുധാകര്‍, സെക്രട്ടറി ഡോ. കാര്‍ത്തിക് ബാലചന്ദ്രന് എന്നിവര്‍ പറഞ്ഞു.
വനിതയാണെന്ന പരിഗണന പോലും ഇല്ലാതെയാണ് ഡോ. ഫവാസ് മജീദ് സൂപ്രണ്ടിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. അതിക്രമത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡോ. എം. രാജലക്ഷ്മി ചികിത്സയിലാണ്. കഴിഞ്ഞ മാസം ആശുപത്രിയിലെ സഹ ഡോക്ടറെ കൈയേറ്റം ചെയ്യാനും ഡോ. ഫവാസ് മജീദ് ശ്രമിച്ചിരുന്നു.
രോഗികളോട് പോലും ഇയാള്‍ അക്രമ സ്വഭാവം കാണിക്കാറുണ്ടെന്നും പറയുന്നു. നിലവില്‍ ഇദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് സഹ ജീവനക്കാര്‍. സംഭവത്തില്‍ പ്രതിഷേധിച്ച് ഹോസ്പിറ്റല്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഡോ. ഫവാസ് മജീദിനെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ടിട്ടുണ്ടെന്നും അസോസിയേഷന് ഭാരവാഹികള്‍ വ്യക്തമാക്കി.