‘കുളിപ്പിച്ച് കുട്ടപ്പനാക്കാൻ’.. കെഎസ്ആർടിസി ഡിപ്പോയ്ക്ക് ആധുനിക ബസ് വാഷിംഗ് സിസ്റ്റം തയാറാക്കാൻ എംബിറ്റ്സ് വിദ്യാർഥികൾ
1599655
Tuesday, October 14, 2025 7:31 AM IST
കോതമംഗലം: കോതമംഗലം കെഎസ്ആർടിസി ഡിപ്പോയ്ക്ക് ആധുനിക ബസ് വാഷിംഗ് സിസ്റ്റം തയാറാക്കാൻ ഒരുങ്ങി നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിംഗ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർഥികൾ. കോളജിലെ അവസാന വർഷ വിദ്യാർഥികളാണ് തങ്ങളുടെ പഠനത്തിന്റെ ഭാഗമായുള്ള പ്രോജക്റ്റ് വർക്കിൽ ഉൾപ്പെടുത്തി സംവിധാനം ഒരുക്കുന്നത്. 360 ഡിഗ്രി തിരിയാൻ കഴിയുന്ന ബൂമിലൂടെ ബസിന്റെ എല്ലാ വശങ്ങളിലേക്കും വെള്ളമെത്തിച്ച് അനായാസം ബസ് കഴുകാൻ കഴിയുന്നതാണ് സംവിധാനം.
ബസ് കഴുകൽ ആയാസ രഹിതമാക്കാനും വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാൻ കഴിയുമെന്നും വിദ്യാർഥികൾ പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള രേഖകൾ എംബിറ്റ്സ് കോളജ് കെഎസ്ആർടിസിയിൽ നൽകി അനുമതിയായതിന്റെ അടിസ്ഥാനത്തിലാണ് കോതമംഗലം ഡിപ്പോയിൽ ഇത് സജ്ജമാക്കുന്നത്.
നിർമാണ ഉദ്ഘാടനം മന്ത്രി കെ.ബി. ഗണേഷ്കുമാർ നിർവഹിച്ചു. ആന്റണി ജോൺ എംഎൽഎ, കെ എസ്ആർടിസി എംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ, എംബിറ്റ്സ് കോളജ് സെക്രട്ടറി ബിനോയ് മണ്ണഞ്ചേരി, ഡയറക്ടർ ഷാജൻ കുര്യാക്കോസ്, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം മേധാവി പ്രഫ. നിധീഷ് എൽദോ ബേബി, അധ്യാപകരായ എൽസൺ പോൾ, കെ.ഇ. എൽദോസ്, വിദ്യാർഥികൾ കെഎസ്ആർടിസി അതികൃതർ എന്നിവർ പങ്കെടുത്തു.