ഗതാഗതമന്ത്രിയുടെ അതൃപ്തിക്കിടയാക്കിയ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ ആര്‍ടിഒയ്ക്ക് മാപ്പപേക്ഷ നല്കി
1599636
Tuesday, October 14, 2025 7:31 AM IST
കോതമംഗലം: കോതമംഗലത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ അതൃപ്തിക്കിടയാക്കിയ സംഭവത്തില്‍ ഐഷാസ് ബസിന്റെ ഡ്രൈവര്‍ അജയന്, കണ്ടക്ടര്‍ കരീം എന്നിവർ മൂവാറ്റുപുഴ ആര്‍ടിഒയ്ക്ക് മാപ്പപേക്ഷ നല്കി.
ഇരുവരോടും ഓഫീസില്‍ ഹാജരാകണമെന്ന് ആര്‍ടിഒ ആവശ്യപ്പെട്ടിരുന്നു. ബസ് ഉടമ ഷാജിക്ക് ഒപ്പമാണ് ഇരുവരും ഹാജരായത്. സംഭവത്തില്‍ നേരിട്ട് വിശദീകരണം നല്‍കിയശേഷമാണ് മാപ്പപേക്ഷ നല്‍കിയത്. നടപടിയുടെ കാര്യത്തിലുള്ള തീരുമാനം ജീവനക്കാരെ അറിയിച്ചിട്ടില്ല. ബസിന്റെ പെര്‍മിറ്റ് സസ്പെന്റ് ചെയ്യുന്നതിലും അന്തിമ തീരുമാനമായിട്ടില്ല.
ഉദ്ഘാടന വേദിയുടെ സമീപത്തുകൂടി അമിത വേഗതയില്‍ പോയെന്ന കാരണത്താല്‍ ഐഷാസ് ബസിനെതിരെ നടപടിയെടുക്കാന്‍ വേദിയില്‍വച്ചുതന്നെ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അസ്വാഭാവികമായി ഹോണ്‍ മുഴക്കിയതും മന്ത്രിയുടെ അപ്രീതിക്ക് കാരണമായിരുന്നു.അമിത വേഗതയില്‍ ബസ് ഓടിച്ചില്ലെന്നും തകരാര്‍മൂലമാണ് ഹോണ്‍ കൂടുതല്‍ നേരം മുഴങ്ങിയതെന്നും ബസ് ജീവനക്കാര്‍ വിശദീകരിച്ചിരുന്നു.