രക്ഷപെടൽ; 60 അടി ഉയരത്തിൽനിന്ന്
1599642
Tuesday, October 14, 2025 7:31 AM IST
കോതമംഗലം: ശിഖരങ്ങൾ മുറിക്കുന്നതിനിടയിൽ തോളിന് പരിക്കേറ്റ് 60 അടി ഉയരത്തിൽ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ആസാം സ്വദേശി സദ്ദാം ഹുസൈനാ(32)ണ് മരത്തിൽ കുരുങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ കോട്ടപ്പടി നാഗഞ്ചേരി പാനിപ്രയിൽ തോംപ്രയിൽ പൈലി പൗലോസിൽ പറമ്പിൽ മരങ്ങൾ മുറിക്കുന്നതിനിടയിലാണ് തൊഴിലാളി മരത്തിൽ കുടുങ്ങിയത്.
വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ കോതമംഗലം അഗ്നിരക്ഷാസേനാംഗങ്ങൾ ഒരു മണിക്കൂറിലേറെ നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് ലാഡർ, റോപ്പ്, സേഫ്റ്റി ഹാർനസ് എന്നിവ ഉപയോഗിച്ച് മരത്തിൽനിന്നും തൊഴിലാളിയെ സുരക്ഷിതമായി താഴെ ഇറക്കിയത്. തുടർന്ന് സേനയുടെ ആംബുലൻസിൽ കോതമംഗലം മാർ ബസോലിയസ് ആശുപത്രിയിൽ എത്തിച്ചു.
സ്റ്റേഷന് ഓഫീസർ സതീഷ് ജോസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിദ്ദിഖ് ഇസ്മായിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഒ.എ. ആബിദ്, വി.എം. ഷാജി, പി.കെ. ശ്രീജിത്ത്, ബേസിൽ ഷാജി, വിഷ്ണു മോഹൻ, എം.എ. അംജിത്ത്, ആർ. മഹേഷ്, ഹോംഗാർഡ്മാരായ പി. ബിനു, എം. സേതു, ജിയോബിൻ ചെറിയാൻ എന്നിവർചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.