വീടും സ്ഥലവും വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയതായി പരാതി
1599651
Tuesday, October 14, 2025 7:31 AM IST
ചെറായി: വീടും പറമ്പും രജിസ്റ്റർ ചെയ്തു തരാമെന്ന് വാഗ്ദാനം നൽകി വീട്ടമ്മയും മകനും പലഘട്ടങ്ങളിലായി 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. കുഴുപ്പിള്ളി അയ്യമ്പിള്ളി മനപ്പിള്ളി പ്ലാക്കൽ അനിൽകുമാറിന്റെ ഭാര്യ ബിന്ദുവാണ് അയ്യമ്പിള്ളി മനപ്പിള്ളി പൂത്തേരി ഷീബ, മകൻ ശബരിനാഥ് എന്നിവർക്കെതിരെ മുനന്പം പോലീസിൽ പരാതി നൽകിയത്.
ഇവർ താമസിച്ചിരുന്ന വീടും പറമ്പും 25 ലക്ഷം രൂപയ്ക്ക് നൽകാമെന്ന് വാഗ്ദാനം നൽകി കഴിഞ്ഞ വർഷം മേയ് 27 മുതൽ പല ഘട്ടങ്ങളിലായാണ് 11 ലക്ഷം നൽകിയതെന്ന് ബിന്ദു പരാതിയിൽ പറയുന്നു. എന്നാൽ രജിസ്റ്റർ ചെയ്തു തരാതെ വന്നപ്പോഴാണ് വീട്ടമ്മ പോലീസിൽ പരാതി നൽകിയത്. മുനമ്പം പോലീസ് ഷീബയ്ക്കും മകനുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.