പ്ലാസ്റ്റിക് നിരോധനം പേരിന്; പിഴയിട്ടത് 5.7 ലക്ഷം
1599845
Wednesday, October 15, 2025 3:58 AM IST
കൊച്ചി: ജില്ലയില്‍ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗികളുടെ ഉപയോഗം സജീവം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കു പ്രകാരം ഈ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ വരെ ജില്ലയിലെ 13 നഗരസഭകളുടെ പരിധിയില്‍ നിന്നും നിയമലംഘനത്തിന്റെ പേരില്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ ഈടാക്കിയ പിഴ 5.7 ലക്ഷം രൂപയാണ്. ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത് പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നാണ്. 1.6 ലക്ഷം രൂപ.
മൂവാറ്റുപുഴ - 90,000, ആലുവ - 30,000, അങ്കമാലി- 40,040, ഏലൂര്‍-10,000, കളമശേരി 24,000, കൂത്താട്ടുകുളം - 44,360, മരട് - 43,000, നോര്‍ത്ത് പറവൂര്‍ - 4,000, തൃക്കാക്കര - 52,000, തൃപ്പൂണിത്തുറ - 68,000 എന്നിങ്ങനെയാണ് മറ്റ് മുനിസിപ്പാലിറ്റികളിൽ ഈടാക്കിയ പിഴത്തുക .
മൈക്രോണ്‍ വ്യത്യാസമില്ലാതെയാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പരിസ്ഥിതി മന്ത്രാലയം നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയത്. കടകളില്‍ ഇവ ഉപയോഗിക്കുന്നതു കണ്ടാല്‍ പിഴ ചുമത്താനായിരുന്നു ഉത്തരവ്. മൂന്ന് തവണയില്‍ കൂടുതല്‍ ആവര്‍ത്തിച്ചാല്‍ സ്ഥാപനം അടച്ചൂപൂട്ടും. എന്നാല്‍ ഈ നിയമങ്ങളെല്ലാം കാറ്റിൽ പറന്നു.
2020 ജനുവരി ഒന്നുമുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നപ്പോള്‍ തുണി സഞ്ചികളും പേപ്പര്‍ ബാഗുകളുമെല്ലാം കടകളില്‍ ഇടം പിടിച്ചിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച പരിശോധനകള്‍ കുറഞ്ഞതോടെ പ്ലാസ്റ്റിക് ക്യാരിബാഗുകൾ വീണ്ടുമെത്തി. പിന്നീട് പരാതി വ്യാപകമായതോടെ സംയുക്ത പരിശോധനകളും വകുപ്പുതല പരിശോധനകളും ശക്തമാവുകയും നിരോധിത പ്ലാസ്റ്റിക് വീണ്ടും അപ്രത്യക്ഷമാവുകയും പകരം തുണിസഞ്ചികള്‍ എത്തുകയും ചെയ്തു. എന്നാല്‍ സ്ഥിതി വീണ്ടും പഴയപടി ആയെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകള്‍.
അതിര്‍ത്തി കടന്നെത്തുന്നവയാണ് ഭൂരിഭാഗം നിരോധിത ക്യാരിബാഗുകളും. പ്ലാസ്റ്റിക് നിരോധനം വന്നതോടെ ജില്ലയില്‍ കുടുംബശ്രീ യൂണിറ്റുകളടക്കം പേപ്പര്‍ ക്യാരി ബാഗുകളും തുണിസഞ്ചികളും വിപണിയിലെത്തിച്ചിരുന്നു. സപ്ലൈകോ അടക്കമുള്ളയിടങ്ങളില്‍ ഇത്തരം തുണിസഞ്ചികളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. എന്നാല്‍ തുണി ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ തീര്‍ത്തും കുറവാണെന്ന് ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നവര്‍ പറയുന്നു.
നിലവില്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കാനാവില്ല. എന്നാല്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ അടിയുന്ന മാലിന്യങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് നിരോധിത പ്ലാസ്റ്റിക്.