തുമ്പിച്ചാൽ പാടത്ത് ഞാറുനടീൽ ഉത്സവം: ഉദ്ഘാടകരായി വിദ്യാർഥികൾ
1599857
Wednesday, October 15, 2025 4:28 AM IST
ആലുവ: കീഴ്മാട് പഞ്ചായത്തിലെ തുമ്പിച്ചാൽ പാടത്ത് കൃഷിയിറക്കുന്ന പൊൻകതിർ കർഷകസംഘം കർഷകരോടൊപ്പം പാടത്തിറങ്ങി ഞാറ് നട്ട് വിദ്യാർഥികൾ . ചാലയ്ക്കൽ അമൽ പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് തങ്ങളുടെ സ്കൂളിന് തൊട്ടടുത്ത പാടത്തിലെ ഞാറുനടീൽ ഉത്സവത്തിൽ ഉദ്ഘാടകരായത്.
തുടർച്ചയായി മൂന്നാം വർഷമാണ് തുമ്പിച്ചാൽ വട്ടച്ചാൽ പാടശേഖരസമിതിയുടെ കീഴിൽ തുമ്പിച്ചാൽ പാടത്ത് കൃഷിയിറക്കുന്നത്. പുതിയ തലമുറ മണ്ണിനെ അറിഞ്ഞ്, കൃഷിയുടെ മൂല്യമറിഞ്ഞു വളരുന്നത് നാളെയുടെ നിലനിൽപ്പിന് അനിവാര്യമാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
പാടത്തിറങ്ങിയ വിദ്യാർഥികൾ ആവേശത്തോടെയുമാണ് ഞാറ് നടീൽ ഉത്സവത്തിൽ പങ്കാളികളായത്.
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായിക്കൂടിയാണ് ഞാറു നടലിൽ പങ്കാളിയായത്. തുമ്പിച്ചാൽ വട്ടച്ചാൽ പാടശേഖരസമിതി പ്രസിഡന്റ് അഡ്വ. അബൂബക്കർ കരോട്ടപ്പുറം, ശ്രുതി ശ്രീജേഷ്, പ്രിൻസിപ്പൽ ശാലിനി പള്ളിക്കല്‍, കർഷകർ ,കുടുംബശ്രീ അംഗങ്ങൾ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.