ബാങ്ക് ഫണ്ട് തട്ടിപ്പ്; സഹകരണ വകുപ്പിനെതിരേ നിക്ഷേപകർ
1600109
Thursday, October 16, 2025 4:16 AM IST
മൂവാറ്റുപുഴ: ബാങ്ക് ഭരണസമിതി വായ്പാ തട്ടിപ്പിലൂടെയും ഫണ്ട് തിരിമറിയിലൂടെയും പണാപഹരണം നടത്തിയ വാഴക്കുളം മഞ്ഞളളൂർ റൂറൽ സഹകരണ ബാങ്കിലെ നിക്ഷേപകർ കടുത്ത പ്രതിഷേധവുമായി രംഗത്ത്.
ബാങ്കിലെ ആകെ നിക്ഷേപത്തിന്റെ സിംഹഭാഗവും പരേതനായ മുൻ പ്രസിഡന്റ്, മുൻ ഓണററി സെക്രട്ടറി, ചില ഭരണ സമിതിയംഗങ്ങൾ എന്നിവർ തന്നെ ചില ജീവനക്കാരുടെ ഒത്താശയോടെ ക്രമക്കേടുകൾ നടത്തി തട്ടിയെടുത്തിരിക്കുകയാണെന്ന ആരോപണമാണ് നിക്ഷേപകർ ഉന്നയിച്ചിട്ടുള്ളത്.
നിക്ഷേപം പിൻവലിക്കാനായി നിക്ഷേപകർ ബാങ്കിൽ എത്തുമ്പോൾ നൽകാൻ പണമില്ലെന്ന് ജീവനക്കാർ പറയുന്നു. വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള പണമാണ് ഭരണ സമിതി തന്നെ തട്ടിയെടുത്തതെന്ന് നിക്ഷേപകർ പറഞ്ഞു.
സഹകരണ വകുപ്പും പോലീസും അന്വേഷണം നടത്തിയിട്ടുണ്ടെന്നും നടപടി ഉടൻ ആകുമെന്നും പറഞ്ഞു തുടങ്ങിയിട്ട് ഒന്നര വർഷത്തിലേറെയായെന്നും നിക്ഷേപകർ ആരോപിച്ചു. ഓരോ വർഷവും ലക്ഷക്കണക്കിനു രൂപ ഫീസ് ഈടാക്കി സഹകരണ വകുപ്പ് നിരന്തരമായി പരിശോധന നടത്തിയിട്ടും കഴിഞ്ഞ പത്തു വർഷമായി നടത്തിവന്ന കൊള്ളയടി കണ്ടുപിടിക്കാത്തത് ദുരൂഹമാണ്.
വകുപ്പുദ്യോഗസ്ഥരും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഇതിനു കൂട്ടുനിന്നതായും ആരോപണമുയർന്നിട്ടുണ്ട്. സഹപ്രവർത്തകരെ രക്ഷിക്കാനായി സഹകരണ വകുപ്പ് നീതി വൈകിപ്പിക്കുമെന്നും നിക്ഷേപകർ പറയുന്നു.
മരിച്ച പ്രസിഡന്റ് കോൺഗ്രസിന്റെ സംസ്ഥാന നേതാവും മുൻ ഓണററി സെക്രട്ടറി എൽഡിഎഫ് ഘടകകക്ഷിയിലെ നേതാവുമായതിനാൽ ഇരു മുന്നണികളും ഈ പ്രശ്നത്തിൽ കാര്യമായി ഇടപെടുന്നില്ല. വരുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ താലൂക്കിലെ വോട്ടർമാരായ മഞ്ഞളളൂർ റൂറൽ ബാങ്കിലെ നിക്ഷേപകർ വോട്ടു ചോദിച്ചു വരുന്ന ഇരുമുന്നണികൾക്കും മറുപടി നൽകുമെന്നും മുന്നറിയിപ്പു നൽകി.
സർക്കാർ ഏജൻസികളുടെ അന്വേഷണം കഴിഞ്ഞെങ്കിൽ കുറ്റക്കാരെ കണ്ടെത്തിയ റിപ്പോർട്ട് ഉടൻ നിക്ഷേപകർക്കു നൽകണമെന്നും പണാപഹരണം നടത്തിയവരിൽ നിന്ന് പണം ഈടാക്കി തരാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിക്ഷേപകർ ശക്തമായി ആവശ്യമുന്നയിച്ചു.
സർക്കാരിനു വേണ്ടി സഹകരണ വകുപ്പ് അനുമതി നൽകിയ ബാങ്കിലാണ് പണം നിക്ഷേപിച്ചതെന്നും പണം തിരികെ ഈടാക്കിത്തരാൻ വകുപ്പുദ്യോഗസ്ഥർക്ക് ധാർമികമായ ഉത്തരവാദിത്വമുണ്ടെന്നുംനിക്ഷേപകർ ചൂണ്ടിക്കാട്ടി. അടിയന്തരമായി പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ സഹകരണ വകുപ്പ് ഓഫീസുകളിലേക്ക് നിക്ഷേപകർ പ്രതിഷേധവുമായി എത്തുമെന്നും അവർ മുന്നറിയിപ്പ് നൽകി.