കുന്നുകര മൃഗാശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ
1600123
Thursday, October 16, 2025 4:34 AM IST
നെടുമ്പാശേരി : കുന്നുകര മൃഗാശുപത്രിയുടെ പ്രവർത്തനങ്ങൾ അവതാളത്തിലായി. ഡോക്ടർ പ്രസവാവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് പകരം ഡോക്ടറെ നിയമിക്കാത്തതാണ് പ്രവർത്തനം താളം തെറ്റാൻ ഇടയാക്കിയത്.
പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ, പ്രിൻസിപ്പൽ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ എന്നിവരെ സമീപിച്ചെങ്കിലും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.
ഇതിനിടെ കുറുമശേരി മൃഗാശുപത്രിയിലെ ഡോക്ടർക്ക് കുന്നുകരയിൽ അധിക ചുമതല നൽകിയെങ്കിലും ആഴ്ചയിൽ രണ്ട് ദിവസം മാത്രം ഇവിടെ എത്തുന്ന ഈ ഡോക്ടർ പദ്ധതികൾ നടപ്പാക്കുന്നതിനും മേൽനോട്ട ചുമതലകൾ വഹിക്കുന്നതിനും വിസമ്മതിക്കുകയാണ്.
ഈ സാഹചര്യത്തിൽ പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.