മൂന്നരവയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റ സംഭവം : ചിറ്റാറ്റുകരയിൽ വാക്സിനേഷൻ ക്യാമ്പ് നടത്തും
1600122
Thursday, October 16, 2025 4:34 AM IST
പറവൂർ: തെരുവുനായ്ക്കൾക്കും വളർത്തു മൃഗങ്ങൾക്കുമായി എല്ലാ വാർഡുകളിലും വാക്സിനേഷൻ ക്യാന്പ് നടത്താൻ ചിറ്റാറ്റുകര പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. മൂന്നര വയസുകാരി നിഹാരയുടെ ചെവിയുടെ ഒരുഭാഗം തെരുവുനായ കടിച്ചെടുത്ത സംഭവം ചർച്ച ചെയ്യാൻ അടിയന്തിരമായി ചേർന്ന യോഗത്തിലാണ് തീരുമാനം.
തെരുവുനായയുടെ കടിയേറ്റ പെൺകുട്ടിയുടെ ചികിത്സാ ചെലവ് പൊതുജന സഹകരണത്തോടെ ഏറ്റെടുക്കാനും പ്രസിഡന്റ് ശാന്തിനി ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
18 മുതൽ തെരുവുനായ്ക്കൾക്കുള്ള ക്യാംപ് നടത്തി വന്ധ്യംകരണത്തിനുള്ള വാക്സിനേഷൻ നൽകും. 22 മുതൽ വളർത്തുമൃഗങ്ങൾക്ക് പേ വിഷബാധക്കെതിരെയുള്ള വാക്സിനേഷനും നൽകും.
കഴിഞ്ഞ ഞായറാഴ്ച നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിന് സമീപത്തുവച്ചാണ് പെൺകുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ചെവിയുടെ അറ്റുപോയ ഭാഗം ശസ്ത്രക്രിയയിലൂടെ തുന്നിപ്പിടിപ്പിച്ചെങ്കിലും ശസ്ത്രക്രിയ വിജയകരമാണോയെന്ന് ഉറപ്പായിട്ടില്ല. കുട്ടി ഇപ്പോഴും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സർവകക്ഷി യോഗവും ചേർന്നു.