ഇവര്‍ മേളയിലെ താരങ്ങള്‍
1600103
Thursday, October 16, 2025 4:05 AM IST
കൊച്ചി: ജില്ലാ സ്കൂള്‍ കായികമേളയിലെ താരങ്ങളായി ഇവര്‍. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ കോതമംഗലം മാര്‍ ബേസില്‍ താരങ്ങളായ മുഹമ്മദ് അലി ജൗഹറും, ബേസില്‍ ബെന്നി ജേക്കബും വ്യക്തിഗത ചാമ്പ്യന്മാര്.
മേളയിലെ വേഗതാരമായ മുഹമ്മദ് അലി ജൗഹര്‍ 100, 200, 400 മീറ്ററുകളിലാണ് പൊന്നണിഞ്ഞത്. 400 മീറ്റര്‍ ഹര്‍ഡില്‍സ്, 1500, 800 മീറ്ററുകളിലും ജേതാവാണ്.
സീനിയര്‍ പെണ്‍കുട്ടികളില്‍ അബിന മരിയ ജെയിനും, കീര്‍ത്തന കലേഷും ചാമ്പ്യന്മാരായി. സെന്റ് സ്റ്റീഫന്‍സ് കീരംപാറയുടെ താരമായ അബിന ഹാര്മര്ത്രോ, ഡിസ്കസ്ത്രോ, ഷോട്ട്പുട്ട് ഇനങ്ങളിലാണ് സ്വര്‍ണ നേടിയത്. 3000, 800, 1500 ഇനങ്ങളിലാണ് മാര്‍ ബേസില്‍ താരമായ കീര്‍ത്തനയുടെ സ്വര്‍ണ നേട്ടം.
ജൂണിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ മൂക്കന്നൂര്‍ എച്ച്എസ്എസിന്റെ അലന് ബൈജുവും മാര്‍ ബേസിലിന്റെ ഡാനിയല്‍ ഷാജിയും പെണ്‍കുട്ടികളില്‍ സെന്റ് സ്റ്റീഫന്‍സ് കീരംപാറയുടെ അദബിയ ഫര്‍ഹാനും ചാമ്പ്യന്മാരായി. അലന് 100 മീറ്റര്‍, ലോംഗ് ജംപ്, 1500 മീറ്ററിലും, ഡാനിയല്‍ 800, 400, 200 മീറ്ററുകളിലും ജേതാവായി. അദബിയ 100, ലോംഗ്ജംപ്, ട്രിപ്പിള്‍ ജംപ് മത്സരങ്ങളിലാണ് ഒന്നാമതായത്. ഏഴ് പേര്‍ക്കും 15 വീതം പോയിന്റുണ്ട്.
സബ് ജൂണിയര്‍ ആണ്‍കുട്ടികളില്‍ മാര്‍ ബേസിലിന്റെ റോമല്‍ ജോസഫ് ചാമ്പ്യനായി. 80 മീറ്റര്‍ ഹര്‍ഡില്‍സിലും ഹൈജംപിലും സ്വര്‍ണവും, ലോംഗ് ജംപില്‍ വെള്ളിയും നേടി. പോയിന്റ് 13. പെണ്‍കുട്ടികളില്‍ നായരമ്പലം ഭഗവതി വിലാസം എച്ച്എസിലെ കെ.ജെ. അമീഷയും വെസ്റ്റ് വെങ്ങോല ശാലേം ഹൈസ്കൂളിലെ വൈഗയുമാണ് ചാമ്പ്യന്മാര്. അമീഷ 400, 600 മീറ്ററില്‍ പൊന്നണിഞ്ഞു. വൈഗ 100, 200 മീറ്ററില്‍ സ്വര്‍ണം നേടി. ഇരുവര്‍ക്കും പത്ത് വീതം പോയിന്റുണ്ട്.
മത്സരിച്ച മൂന്ന് വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണമോ മറ്റ് മെഡലുകളോ നേടി കൂടുതല്‍ വ്യക്തിഗത പോയിന്റെ നേടിയവരെയാണ് മേളയിലെ ചാമ്പ്യന്മാരായി നിര്‍ണയിക്കുക.