കോട്ടപ്പടി വാവേലിയിലെ ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം
1600114
Thursday, October 16, 2025 4:16 AM IST
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വാവേലി ഭാഗത്ത് ജനവാസ മേഖലയില്‍ ഏതാനും ദിവസമായി കടുവയുടെ സാന്നിധ്യം. വാവേലി കവലയില്‍നിന്ന് അര കിലോമീറ്റര്‍ മാറി ഫോറസ്റ്റ് ക്വാര്‍ട്ടേഴ്സ് റോഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന തോളേലി പാറയ്ക്കല്‍ പ്രകാശ് (44) ആണ് കടുവയെ കണ്ടത്. എന്നാല്‍ വനം അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്ച രാത്രി 7.45-ന് പ്രകാശ് മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് വീടിന് മുന്നിലെ റോഡില്‍ കടുവ നില്കുന്നത് കണ്ടത്.
മുറ്റത്ത് മൂത്രമൊഴിക്കാന്‍ നില്‍ക്കുന്നതിനിടെ വെറുതെ പിന്നോട്ട് നോക്കിയപ്പോഴാണ് കടുവയെ കണ്ടതെന്ന് പ്രകാശ് പറഞ്ഞു. കടുവ തനിക്ക് നേരേ നോക്കുന്നത് കണ്ട പ്രകാശ് ഓടി വീടിനകത്തേക്ക് കയറി വാതിലടച്ചു. പേടിച്ചോടുന്നതിനിടെ വാതിലില്‍ തട്ടി നെഞ്ചിലും തലയിലും നിസാര പരിക്കേറ്റു. അകത്ത് കയറി വാതിലിന്റെ വിടവിലൂടെ നോക്കുമ്പോള്‍ കടുവ പ്ലാന്റേഷനിലേക്ക് നടന്നു പോയെന്നും പ്രകാശ് പറഞ്ഞു.
തൊട്ടടുത്ത് താമസിക്കുന്നവര്‍ എത്തിയെങ്കിലും കടുവയെ കണ്ടില്ല. പ്രകാശിന്റെ വീടും കടുവ നിന്ന റോഡും തമ്മില്‍ കേവലം പത്ത് മീറ്റര്‍ പോലും അകലമില്ല. മേയ്ക്കപ്പാല സ്റ്റേഷനിലെ വനപാലകരും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി നിരീക്ഷണം നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
കനത്ത മഴ പെയ്തത് കൊണ്ട് കടുവയുടെ കാല്‍പ്പാടുകള്‍ വ്യക്തമല്ല. ആളുകളുടെ ആശങ്ക മാറ്റുന്നതിന് കടുവയെ കണ്ടതായി പറയുന്ന വിവിധ സ്ഥലങ്ങളിലായി ഇന്നലെ അഞ്ച് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. കഴിഞ്ഞ ആഴ്ച വാവേലി കവലക്ക് സമീപം താമസിക്കുന്ന പാറയില്‍ ഏലിയാമ്മ റോഡിലൂടെ കടുവ നടന്നു പോകുന്നത് കണ്ടതായി പറയുന്നുണ്ട്.
ഏതാനും ദിവസങ്ങളായി കടുവ പ്രദേശത്ത് ഉണ്ടെന്നാണ് പ്രദേശവാസികളുടെ നിഗമനം. വനം വകുപ്പ് പ്രത്യേക ദൗത്യ സംഘം രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കി. മൂന്ന് ടീമുകളായി തിരിഞ്ഞ് പരിശോധനയും നടത്തിവരുന്നുണ്ട്.