സൂപ്പർ കോതമംഗലം
1600098
Thursday, October 16, 2025 4:05 AM IST
കൊച്ചി: മഹാരാജാസ് കോളജ് ഗ്രൗണ്ടിലും എംഎ കോളജ് ഗ്രൗണ്ടിലുമായി അഞ്ച് ദിവസങ്ങളിലായി നടന്ന ജില്ലാ സ്കൂള്‍ കായികമേളയില്‍ ട്രാക്കും ഫീല്‍ഡും അടക്കിവാണ കോതമംഗലം ഉപജില്ല വീണ്ടും കിരീടമുയര്‍ത്തി. തുടര്‍ച്ചയായി 22-ാം തവണയാണ് കോതമംഗലം കിരീടം സ്വന്തമാക്കുന്നത്. സ്കൂളുകളില്‍ മാര്‍ ബേസില്‍ എച്ച്എസ്എസാണ് ചാമ്പ്യന്മാര്. പോയിന്റ് നിര്‍ണയത്തിലെ ചില തീരുമാനങ്ങള്‍ കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്എസിന്റെ രണ്ടാം സ്ഥാനം നഷ്ടമാക്കിയത് അവസാന ദിവസം കല്ലുകടിക്കിടയാക്കി.
267 പോയിന്റുമായി ആധികാരികമായാണ് കോതമംഗലം കിരീടത്തില്‍ മുത്തമിട്ടത്. 35 സ്വര്‍ണം, 26 വെള്ളി, 13 വെങ്കലം എന്നിവ അടങ്ങുന്നതാണ് കോതമംഗലത്തിന്റെ മെഡല്‍ നേട്ടം. രണ്ടാം സ്ഥാനത്തെത്തിയ അങ്കമാലി ഉപജില്ലയ്ക്ക് 26 സ്വര്‍ണം, പത്ത് വെള്ളി, 22 വെങ്കലവുമടക്കം 217 പോയിന്റുണ്ട്. ഏഴ് വീതം സ്വര്‍ണവും വെള്ളിയും, 11 വെങ്കലവുമടക്കം 75 പോയിന്റുമായി പെരുമ്പാവൂര്‍ ഉപജില്ലയാണ് മൂന്നാമത്.
209 പോയിന്റാണ് ചാമ്പ്യന്മാരായ മാര്‍ ബേസില്‍ വാരിക്കൂട്ടിയത്. 52 പോയിന്റുള്ള മൂക്കന്നൂര്‍ എസ്എച്ച്ഒഎച്ച്എസ് രണ്ടാം സ്ഥാനം സ്വന്തമാക്കി. 48 പോയിന്റോടെ വെസ്റ്റ് വെങ്ങോല ശാലേം എച്ച്എസ് മൂന്നാമതായി. അവസാന മത്സരവും പൂര്‍ത്തിയാകുന്നതു വരെ രണ്ടാം സ്ഥാനത്തായിരുന്ന കീരമ്പാര സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്എസിന് 30 പോയിന്റ് കുറഞ്ഞത് തിരിച്ചടിയായി. കീരമ്പാറ സ്കൂളിനായി മത്സരിച്ച ആറ് കുട്ടികള്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സ്റ്റൈഫന്റ് വാങ്ങുന്നവരായതാണ് തിരിച്ചടിയായത്. ഇവര്‍ നേടിയ പോയിന്റ് കുറച്ചതാണ് കീരമ്പാറ നാലാം സ്ഥാനത്തേക്ക് തഴയപ്പെടാന്‍ ഇടയായത്.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിലും മാര്‍ ബേസില്‍ തന്നെയാണ് ഒന്നാമത്. ആണ്‍കുട്ടികളില്‍ 118 പോയിന്റും, പെണ്‍കുട്ടികളില്‍ 91 പോയിന്റും മാര്‍ ബേസിലിനുണ്ട്. അഞ്ച് ദിവസങ്ങളിലായി നടന്ന മേളയില്‍ ആകെ ഒരു മീറ്റ് റിക്കാര്‍ഡ് മാത്രമാണ് കുറിക്കപ്പെട്ടത്. സബ് ജൂനിയര്‍ 200 മീറ്ററില്‍ എഡിസണ് മനോജാണ് പുതിയ സമയം കുറിച്ചത്. മത്സരാര്‍ത്ഥികള്‍ ഇല്ലാതിരുന്നതിനാല്‍ ചില മത്സരങ്ങള്‍ ഒഴിവാക്കുകയുമുണ്ടായി.
കോതമംഗലം എംഎ കോളജ് ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനത്തില്‍ ആന്റണി ജോണ്‍ എംഎല്‍എ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. കോതംഗലം നഗരസഭാ ചെയര്മാന് കെ.കെ. ടോമി അധ്യക്ഷനായി. ജോസ് വര്‍ഗീസ്, സുബിന് പോള്‍, ബോബി ജോര്‍ജ്, കെ.എ. സജീവ്. ജോമോന് ജോസ്, അജിമോന് പൗലോസ്, തോമസ് പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.