പ്രഫ. ബേബി എം. വർഗീസിന്റെ അശീതി സംഗമം ഇന്ന്
1600112
Thursday, October 16, 2025 4:16 AM IST
കോതമംഗലം: അഞ്ചര പതിറ്റാണ്ടിലേറെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അധ്യാപകനായും പ്രിൻസിപ്പലായും സർവകലാശാല സിൻഡിക്കറ്റ് അംഗമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗമായും പ്രവർത്തിച്ച പ്രഫ. ബേബി എം. വർഗീസിന്റെ 80-ാം പിറന്നാൾ ആഘോഷം - അശീതി സംഗമം ഇന്ന് പുതുപ്പാടി മരിയൻ അക്കാദമിയിൽ നടക്കും.
1.30നു ഗുരുവന്ദനം, തുടർന്ന് വിദ്വൽ സദസ് മുൻമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ അധ്യക്ഷത വഹിക്കും. കുര്യാക്കോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പങ്കെടുക്കും.
സൗഹൃദതീരം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി, മെത്രാപ്പോലീത്തമാരായ മാത്യൂസ് മാർ ഇവാനിയോസ്, മാത്യൂസ് മാർ അന്തീമോസ് തുടങ്ങിയവർ പങ്കെടുക്കും. 4.30ന് അശീതി സ്മാരക പദ്ധതികൾ മന്ത്രി പി.എ. മുഹമ്മദ് റിയാസും സംഗമം രമേശ് ചെന്നിത്തല എംഎൽഎയും ഉദ്ഘാടനം ചെയ്യും.
ആന്റണി ജോൺ എംഎൽഎ അധ്യക്ഷതവഹിക്കും. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവ, ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഡോ. ഏബ്രഹാം മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.