അങ്കമാലി അർബൻ സഹ. സംഘം : സെക്രട്ടറി അവധിയിൽ; ഓഫീസ് പ്രവർത്തനം അവതാളത്തിൽ
1600296
Friday, October 17, 2025 4:47 AM IST
അങ്കമാലി : കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്ന അങ്കമാലി അർബൻ സഹകരണ സംഘത്തിലെ സെക്രട്ടറി അവധിയിൽ പോയതോടെ ദൈനംദിന പ്രവർത്തനങ്ങൾ മുടങ്ങി. ഇതേത്തുടർന്ന് സംഘം ഓഫീസ് ജീവനക്കാർ പൂട്ടിയിട്ടു.അവധിയിൽ പോയ സെക്രട്ടറി ചുമതലകൾ ആർക്കും കൈമാറാത്തതു കാരണം ജീവനക്കാർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. സർക്കാർ വച്ചിരിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നോക്കുകുത്തിയായി. ഇക്കാരണത്താലാണ് ജീവനക്കാർ ഓഫീസ് പൂട്ടിയിട്ടത്.
123 കോടിയോളം രൂപയുടെ ക്രമക്കേട് നടത്തി ആയിരക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ച ഈ സഹകരണ സംഘത്തിൽ തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കുന്ന നിലപാടാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. സംഘത്തിൽ വായ്പ തിരിച്ചടയ്ക്കാൻ വരുന്നവരും ചികിൽസാ സഹായം അന്വേഷിച്ച് എത്തുന്നവരും നിരാശരായി മടങ്ങുകയാണ്.
നിലവിൽ സംഘത്തിൽ വരുന്ന പണം, സെക്രട്ടറിയുടെയും ജീവനക്കാരുടെയും ശമ്പളത്തിനും കെട്ടിടത്തിന്റെ വാടകയ്ക്കും മറ്റു ചെലവുകൾക്കുമായി വിനിയോഗിക്കുകയാണ്. സംഘത്തിൽ പണം നിക്ഷേപിച്ചവർക്ക് ഒരു ചില്ലിക്കാശുപോലും കൊടുക്കുന്നില്ല. ശമ്പളം, അലവൻസ് ഇനങ്ങളിലായി വൻതുക ശമ്പളം പറ്റുന്ന സെക്രട്ടറി ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്ന പരാതിയിൽ പരിഹാരം കാണാൻ അധികൃതർ തയാറാകുന്നില്ലെന്നും പറയപ്പെടുന്നു.
ഇതിനെതിരെ ശക്തമായ സമരമാർഗങ്ങൾ തീരുമാനിക്കുന്നതിന് ഇന്ന് രാവിലെ 10.30 ന് അങ്കമാലി അർബൻ സഹകരണ സംഘം നിക്ഷേപസംരക്ഷണ മുന്നണിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി സമീപമുള്ള സിഎസ്എ ഹാളിൽ കൂടുമെന്ന് പ്രസിഡന്റ് പി.എ. തോമസ്, സെക്രട്ടറി യോഹന്നാൻ വി. കൂരൻ എന്നിവർ അറിയിച്ചു. സഹകരണ വകുപ്പ് ഉദ്യാഗസ്ഥരുടെ അനാസ്ഥയിലും അവഗണനയിലും ശക്തമായ പ്രതിക്ഷേധമുണ്ടെന്നും ഇവർ അറിയിച്ചു.