അമ്മത്തൊട്ടിലിന് സമീപം നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍
1601532
Tuesday, October 21, 2025 2:57 AM IST
കൊച്ചി: എറണാകുളത്തെ അമ്മത്തൊട്ടിലിന് സമീപത്ത് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ 6.30 ഓടെയാണ് പ്രസവിച്ച് മണിക്കൂറുകള്‍ മാത്രമായ കുഞ്ഞിനെ എറണാകുളം ജനറല്‍ ആശുപത്രിക്ക് സമീപത്തുള്ള അമ്മത്തൊട്ടിലിനടുത്ത് കണ്ടെത്തിയത്.
സെക്യൂരിറ്റി ജീവനക്കാരാണ് ആദ്യം കുഞ്ഞിനെ കണ്ടത്. ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. 2.60 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്. ഷഹീര്‍ ഷാ പറഞ്ഞു.
അറ്റകുറ്റപ്പണിക്കായി അമ്മത്തൊട്ടില്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഇവിടെ കൃത്യമായി പരിശോധന നടത്താറുണ്ട്. ഇത്തരത്തില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടത്. നാലുദിവസം ആശുപത്രിയില്‍ തുടരുന്ന കുഞ്ഞിനെ പൂര്‍ണ ആരോഗ്യവാനായശേഷം സിഡബ്ല്യുസി ഏറ്റെടുക്കുമെന്ന് ചെയര്‍പേഴ്സണ്‍ വിന്‍സെന്റ് ജോസഫ് പറഞ്ഞു. പിന്നീട് സ്പെഷലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സിക്ക് കൈമാറും.
മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി നിശ്ചിത സമയപരിധിക്കുശേഷം അവകാശികള്‍ ആരും എത്തിയില്ലെങ്കില്‍ ദത്ത് നല്‍കാനുള്ള നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.