കിണറ്റിൽ വീണ വയോധികനെ അഗ്നിരക്ഷാ സേന രക്ഷിച്ചു
1601502
Tuesday, October 21, 2025 2:57 AM IST
പിറവം: ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണ വയോധികനെ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തി. മണീടിനടുത്ത് മേമ്മുഖം കുപ്പക്കാട്ടിൽ ചെറിയാനാ(81)ണ് വീടിനു സമീപത്തെ റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. തോട്ടത്തിലൂടെ നടന്നുപോകവെ അബദ്ധത്തിൽ ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണതാണെന്ന് കരുതുന്നു. പതിനഞ്ചടിയോളം ആഴമുള്ള കിണറിനുള്ളിൽ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു.
ചെറിയാനെ വീട്ടിൽ കാണാത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചിറങ്ങിയപ്പോൾ കിണറ്റിൽ നിന്ന് നിലവിളി കേട്ടു. ഉടൻ പിറവത്തെ അഗ്നരക്ഷാ സേനാ ഓഫീസിൽ അറിയിച്ചു. ഇതിനിടെ വീട്ടുകാർ കയറിൽക്കെട്ടി കോണി ഇറക്കുകയും അതിൽപിടിച്ച് ചെറിയാന് നിൽക്കാനുമായി.
അഗ്നിരക്ഷാ യൂണിറ്റിലെ സീനിയർ ഓഫീസർ എം.വി. ബാലചന്ദ്രന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ കിണറ്റിലിറങ്ങി നെറ്റ് ഉപയോഗിച്ചാണ് ചെറിയാനെ കരയ്ക്കെത്തിച്ചത്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.