സ്പാ ജീവനക്കാരനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം
1601535
Tuesday, October 21, 2025 2:58 AM IST
കൊച്ചി: പാലാരിവട്ടത്ത് സ്പായില്‍ കൊലപാതക ശ്രമം. ജീവനക്കാരന്റെ തലയില്‍ ഇരുമ്പുവടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. കോതമംഗലം കടവൂര്‍ സ്വദേശി മിജോ(41)യ്ക്കാണ് പരിക്കേറ്റത്. തലയ്ക്കും ഇടതു കൈയിലെ വിരലിനും സാരമായി പരിക്കേറ്റ ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ പ്രമോദ്, രാഹുല്‍ എന്നിവരടക്കം കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മിജോയുടെ പെണ്‍സുഹൃത്തിനോട് കേസിലെ രണ്ടാംപ്രതിയായ പ്രമോദ് അപമര്യാദയായി പെരുമാറിയത് ചോദ്യംചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
കഴിഞ്ഞ വെളളിയാഴ്ച പാലാരിവട്ടം പല്ലിശേരി റോഡിലുള്ള സ്ഥാപനത്തിലായിരുന്നു സംഭവം. കേസിലെ ഒന്നാംപ്രതി ഇരുമ്പുവടികൊണ്ട് പരാതിക്കാരന്റെ തലയ്ക്കടിക്കുകയും പ്രമോദ് കൈയില്‍ കരുതിയിരുന്ന കത്തി വീശി പരാതിക്കാരന്റെ ഇടതു കൈയിലെ തള്ളവിരലിന് പരിക്കേല്പിക്കുകയുമായിരുന്നു.
മിജോയുടെ സുഹൃത്തുക്കളായ ഷിന്‍സി, അനുജ എന്നിവരോട് പ്രതികള്‍ അപമര്യാദയായി പെരുമാറുകയും ആക്രമിക്കുകയും ചെയ്തതായും പരാതിയുണ്ട്.