ഹോൺ മുഴക്കി പ്രതിഷേധം ഏറ്റു; മന്ത്രി ഉടൻ സ്ഥലംവിട്ടു
1601505
Tuesday, October 21, 2025 2:57 AM IST
ഫോർട്ടുകൊച്ചി: പ്രതിഷേധങ്ങൾ പലതരം കണ്ടിട്ടുണ്ട്, എന്നാൽ വേറിട്ടൊരു പ്രതിഷേധം ഫോർട്ടുകൊച്ചിയിൽ നടന്നു. ഏതാണ്ട് നൂറോളം ഇരുചക്രവാഹനങ്ങളുടെ ഒരുമിച്ചുള്ള ഹോൺ മുഴക്കൽ പ്രതിഷേധം. കലാമണ്ഡലത്തിന്റെ പുതിയ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി സജി ചെറിയാൻ. ഉദ്ഘാടനം നടക്കുന്ന വേദിയുടെ റോഡിന്റെ നേരേ എതിർ വശത്താണ് റോ-റോ ജെട്ടി. മന്ത്രിയുടെ പ്രസംഗം കഴിഞ്ഞ ഉടൻ തന്നെ മന്ത്രിയുടെ വാഹനം അക്കര കടക്കുന്നതിനായി പോലീസ് ഇടപെട്ട് റോ-റോ സർവീസ് നിർത്തിവയ്പ്പിച്ചു .
ഒരു റോ-റോ വെസൽ തകരാറിലായതിനാൽ ഒരു റോ-റോ മാത്രമാണ് നിലവിൽ ഇവിടെ സർവീസ് നടത്തുന്നത്. മന്ത്രി പരിപാടി കഴിയുന്നതോടെ റോ- റോയിൽ കടന്നുപോകുമെന്നും സർവീസ് തുടങ്ങുമെന്ന ധാരണയിലായിരുന്നു അഴിമുഖം കടക്കാൻ കാത്തുനിന്നിരുന്ന യാത്രക്കാർ. എന്നാൽ ചടങ്ങിന്റെ നന്ദി പ്രകാശനം അടക്കം കഴിഞ്ഞിട്ടും മന്ത്രിയുടെ വാഹനം കടന്ന് പോകാതായതോടെ കാത്ത് കിടന്നിരുന്ന ഇരുചക്രവാഹനങ്ങൾ ഒരുമിച്ച് നിർത്താതെ ഹോൺ മുഴക്കി പ്രതിഷേധിക്കുകയായിരുന്നു.
ചടങ്ങിനു ശേഷം നടക്കുന്ന പഞ്ചവാദ്യം കാണാനിരുന്നതായിരുന്നു മന്ത്രിയെന്നാണ് കേൾക്കുന്നത്. എന്നാൽ സംഗതി ശ്രദ്ധയിൽപെട്ടതോടെ മന്ത്രി ഉടനെ സ്റ്റേജിൽ നിന്നിറങ്ങി കാറിൽ കയറി റോ-റോയിൽ കടക്കുകയായിരുന്നു. ചെറിയ പ്രതിഷേധമായിരുന്നെങ്കിലും യാത്രക്കാർ ഒരുമിച്ച സംഭവത്തിന്റെ വ്യാപ്തി വലുതായിരുന്നു.