വേന്പനാട്ടു കായലിൽ പോളപ്പായൽ നിറഞ്ഞു; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ
1601232
Monday, October 20, 2025 4:12 AM IST
അരൂർ: അരൂർ മേഖലയിലെ വിശാലമായ കായലിലും പായൽ നിറഞ്ഞു. മത്സ്യ ബന്ധനത്തിന് പോകാൻ കഴിയാതെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായി. കായലിൽ വ്യാപകമായി പായൽ നിറഞ്ഞതോടെ മത്സ്യബന്ധനം നടത്താൻ കഴിയുന്നില്ലെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പറയുന്നു.
അരൂർ, അരൂക്കുറ്റി, ചന്തിരൂർ, എരമല്ലൂർ, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പെരുമ്പളം,പനങ്ങാട്, നെട്ടൂർ, കുമ്പളം ഭാഗത്താണ് പായൽ നിറഞ്ഞു കിടക്കുന്നത്. ഒഴുക്കു വലകളും ഊന്നി വലകളും തിങ്ങി ഒഴുകി എത്തുന്ന പായൽക്കൂട്ടം കടുത്ത നാശമാണ് ഉണ്ടാക്കുന്നത്. മത്സ്യബന്ധനത്തിന് കായലിലൂടെ വള്ളം ഇറക്കാൻ പോലും കഴിയുന്നില്ല.
പ്രയാസപ്പെട്ട് വലകെട്ടിയാൽ പായൽ തിങ്ങി കിടക്കുന്ന കായലിൽ വല അഴിച്ചെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.അരൂർ മേഖലയിലെ വിസ്തൃതമായ പാടശേഖരങ്ങളിലെ പായലാണ് കായലുകളിലേക്ക് ഇപ്പോൾ ഒഴുകുന്നത്.
തണ്ണീർമുക്കം ബണ്ട് വഴി കുട്ടനാടൻ പാടശേഖരങ്ങളിൽ കിടക്കുന്ന പോളപ്പായൽ വേമ്പനാട്ടു കായലിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയും ഉണ്ടാകും.
ഉൾനാടൻ കായലിന്റെ ഉപരിതലത്തിൽ തിങ്ങിക്കൂടി വളർന്ന് വെള്ളത്തിലേക്കുള്ള സൂര്യപ്രകാശം തടഞ്ഞ് ആവാസ വ്യവസ്ഥ തകർക്കുന്നത് മൂലം മത്സ്യസമ്പത്തിന് കനത്ത നാശം ഉണ്ടാകും. പോളപ്പായൽ പിടിമുറുക്കിയതിനാൽ വേമ്പനാട്ടുകായൽ നിർജീവമാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പറയുന്നു.
പോള ഇല്ലാതാക്കുന്നതു ലക്ഷ്യമിട്ട് പദ്ധതികൾ പലതും ആസൂത്രണം ചെയ്തെങ്കിലും ഒന്നും നടപ്പാകുന്നില്ലെന്നാണ് ആക്ഷേപം. പോളപ്പായൽ പ്രശ്നത്തിനു പരിഹാരം കാണാൻ പായൽ ഉറവിടത്തിൽ തന്നെ നശിപ്പിക്കുവാൻ നടപടി വേണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.