രണ്ടാംഘട്ട ടെട്രാപോഡ് കടല്‍ഭിത്തി നിർമാണം: നടപടി ഉണ്ടാകുമോ? തകര്‍ന്ന വീടുകളിലേക്ക് മടങ്ങി ദുരിതബാധിതര്‍
1600684
Saturday, October 18, 2025 4:25 AM IST
കൊച്ചി: കടലാക്രമണത്തെത്തുടര്‍ന്ന് തകര്‍ന്ന വീടുകള്‍ക്ക് ഇക്കുറിയും സംരക്ഷണം ലഭിക്കില്ലെന്ന് ഏറെക്കുറേ ഉറപ്പായതോടെ വാസയോഗ്യമല്ലാത്ത വീടുകളിലേക്ക് മടങ്ങിയെത്തി പുത്തന്‍തോട് ചെറിയകടവ് നിവാസികള്‍. ചെല്ലാനം തീരത്ത് ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മിക്കുന്നതിനുള്ള 306 കോടി രൂപയുടെ രണ്ടാംഘട്ട പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്കി 108 ദിവസം പിന്നിട്ടിട്ടും തുടര്‍നപടികള്‍ എങ്ങുമെത്താതായതോടെയാണിത്.
ചെല്ലാനം മുതല്‍ പുത്തന്‍തോട് വരെയുള്ള 7.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിയുടെ ആദ്യഘട്ടം 2023ല്‍ 347 കോടി ചെലവില്‍ പൂര്‍ത്തിയായിരുന്നു. പുത്തന്‍തോട് മുതല്‍ ചെറിയകടവ് വരെയുള്ള ശേഷിക്കുന്ന 3.6 കിലോമീറ്റര്‍ ഭാഗവും പ്രാരംഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പദ്ധതി നിര്‍വാഹകരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് പുതുക്കിയ എസ്റ്റിമേറ്റ് കാരണം പുത്തന്‍തോട് വരെ മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.
നിരവധി നിവേദനങ്ങളുടെയും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ ജൂലൈ രണ്ടിന് 306 കോടിരൂപ ചെലവഴിച്ച് കടല്‍ഭിത്തി നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. എന്നാല്‍ 108 ദിവസം പിന്നിട്ടിട്ടും ഇതില്‍ കാര്യമായ തുടര്‍നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
വാസയോഗ്യമല്ല എങ്കിലും...
കടലാക്രമണത്തില്‍ തകര്‍ന്ന പ്രദേശത്തെ ഭൂരിഭാഗം വീടുകളും ഇന്നും വാസയോഗ്യമല്ല. എങ്കിലും ഇനിയും വാടക കൊടുക്കാന്‍ സാഹചര്യം ഇല്ലാത്ത പലരുമാണ് ഇവിടേക്ക് മടങ്ങി എത്തുന്നത്. സാമ്പത്തിക ശേഷി ഉള്ളവര്‍ മാത്രമാണ് ഇപ്പോഴും വാടക വീടുകളില്‍ തുടരുന്നത്. ഏതാനും ചിലര്‍ ബന്ധുവീടുകളിലും താമസം തുടരുകയാണ്. ശുചിമുറി മണ്ണ് അടിഞ്ഞ് ഉപയോഗശൂന്യമായത് മുതല്‍ ഒരുഭാഗം തകര്‍ന്ന് വീണ വീടുകള്‍ വരെയുണ്ട് ഇവിടെ.
ഏതാനും ചില വീടുകള്‍ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാനുള്ള തയാറെടുപ്പിലാണ്. കടല്‍ താരതമ്യേന ശാന്തമായ നവംബര്‍ മുതല്‍ മേയ് വരെയുള്ള ആറു മാസ കാലയളവില്‍ നിര്‍മാണ പ്രവൃത്തികള്‍ നടപ്പിലാക്കിയില്ലെങ്കില്‍ വീണ്ടും കടല്‍കയറ്റ ദുരിതം ആവര്‍ത്തിക്കുമെന്ന് ദുരിതബാധിതര്‍ പറയുന്നു.
ധര്‍ണ 28ന്
പദ്ധതി അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനംകൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി 28 ന് തോപ്പുംപടിയില്‍ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ധര്‍ണ സംഘടിപ്പിക്കുന്നു.