സേതു സാഗർ ഒന്ന് തകരാറിൽ : ഫോർട്ടുകൊച്ചി - വൈപ്പിൻ സർവീസിന് ഒരു റോ-റോ മാത്രം
1600259
Friday, October 17, 2025 4:10 AM IST
ഫോർട്ട്കൊച്ചി : റോ റോ വെസലില്‍ ഒന്ന് തകരാറിലായത് യാത്രക്കാരെ ദുരിതത്തിലാക്കി. സേതു സാഗർ ഒന്ന് റോ-റോ വെസലാണ് യന്ത്രത്തകരാറിനെ തുടർന്ന് അറ്റകുറ്റ പണികൾക്കായി നീക്കിയത്. ഓയില്‍ പമ്പില്‍ ഉണ്ടായ തകരാറാണ് കാരണമെന്നാണ് പറയുന്നത്. ഇപ്പോൾ സേതു സാഗർ രണ്ട് റോ-റോ വെസൽ മാത്രമാണ് അഴിമുഖ കടത്തിനായി സർവീസ് നടത്തുന്നത്.
അപ്രതീക്ഷിതമായി ഒരു റോ റോ വെസല്‍ തകരാറിലായതോടെ നിരവധി യാത്രക്കാരാണ് ഇരു കരകളിലുമായി കുടുങ്ങിയത്. രാവിലെ സ്കൂളിലേക്കും വിവിധ ഓഫിസുകളിലേക്കും എത്തേണ്ടവര്‍ വലഞ്ഞു. പലർക്കും നഗരം ചുറ്റി യാത്ര ചെയ്യേണ്ടി വന്നു. ഇരു കരകളിലും ഇരു ചക്ര വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.നേരത്തെ ഒരു റോ റോ വെസൽ സർവീസ് നിർത്തിയാലും ബോട്ട് സർവീസ് ഉണ്ടായിരുന്നത് വിദ്യാർഥികൾക്കും സാധാരണ യാത്രക്കാർക്കും വലിയ ആശ്വാസമായിരുന്നു.എന്നാൽ നഷ്ടത്തിന്റെ പേരിൽ കിൻകോ ഈ സർവീസ് നിർത്തുകയും ബോട്ടിന്റെ ഫിറ്റ്നസ് പുതുക്കാതെ മാസങ്ങളായി മാറ്റിയിട്ടിരിക്കുകയുമാണ്.
റോ- റോ വെസലുകൾ തുടർച്ചയായി തകരാറിലാകുന്നതും പകരം ബോട്ട് സർവീസ് ഏർപ്പെടുത്താത്തതും വിദ്യാർഥികളടക്കം ആയിരക്കണക്കിന് യാത്രക്കാരെയാണ് ബാധിക്കുന്നത്. സർവീസ് നടത്തിപ്പിൽ കൊച്ചി നഗരസഭയും കിൻകോയും ഒത്തുകളിക്കുകയാണന്ന ആക്ഷേപവും ഉയരുന്നുണ്ട്.
അഴിമുഖ കടത്തിനായുള്ള റോ- റോ സർവീസ് കാര്യക്ഷമമാക്കാതെയും നിലവിലുള്ള ബോട്ട് സർവീസ് നിർത്തലാക്കിയും തുടർച്ചയായി നടത്തിപ്പുകാർ കരാർ ലംഘനം നടത്തി യാത്രക്കാരെ ദുരിതത്തിലാക്കുകയാണെന്നാണ് പരാതി.