കോട്ടപ്പടിയിൽ ബൈക്ക് യാത്രികനും പശുക്കൾക്കും തേനീച്ചകളുടെ കുത്തേറ്റു
1600672
Saturday, October 18, 2025 4:13 AM IST
കോതമംഗലം: കോട്ടപ്പടി മുട്ടത്തുപാറയിൽ വൻതേനീച്ചകളുടെ കുത്തേറ്റ് ബൈക്ക് യാത്രികനും മൂന്ന് പശുക്കൾക്കും പരിക്കേറ്റു. ക്ഷീരകർഷകനായ മുട്ടത്തുപാറയില് കൊറ്റാലില്‍ സാബുവിന്റെ കറവ പശുക്കളെയാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. മേയാന്‍ വിട്ടിരുന്ന ആറു പശുക്കളിൽ തേനീച്ചയുടെ കുത്തേറ്റ മൂന്നു പശുക്കളും അവശനിലയിലായി.
കഴിഞ്ഞദിവസം ഇതുവഴി പോയ ബൈക്ക് യാത്രക്കാരന് കൊളവിയുടെ കുത്തേറ്റിരുന്നു. മുട്ടത്തുപാറ സ്കൂളിന്റെ 150 മീറ്റർ അകലെയുള്ള നെടുംചാലിൽ എസ്റ്റേറ്റിലെ തെങ്ങിലാണ് വൻതേനീച്ചയുടെ കൂറ്റൻ കൂടുള്ളത്. പരുന്തിന്റെ ആക്രമണമുണ്ടാകുമ്പോഴാണ് തേനീച്ചക്കൂട്ടം ഇളകി പ്രദേശമാകെ വ്യാപിച്ച് ആക്രമണം നടത്തുന്നത്.
തേനീച്ചക്കൂട് ഒഴിവാക്കണമെന്ന ആവശ്യവുമായി പലതവണ എസ്റ്റേറ്റ് ഉടമയെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. അഗ്നിരക്ഷാ സേനയും വനംവകുപ്പ് അധികൃതരും സഹായിക്കാൻ തയാറായില്ലെന്നും സാബു ആരോപിച്ചു. തേനീച്ചക്കൂടിനു സമീപത്തായാണ് ആനക്കൊളവിയുടെ കൂടും. ഇവ രണ്ടും ഇവിടെ നിന്ന് നീക്കിയില്ലെങ്കിൽ സ്കൂൾ കുട്ടികളുടെയും പ്രദേശവാസികളുടെയും മൃഗങ്ങളുടെയും ജീവന് ഭീഷണിയാണെന്ന് നാട്ടുകാർ പറഞ്ഞു.