ആലുവ എട്ടേക്കർ തീർഥാടനകേന്ദ്രത്തിൽ യൂദാ തദേവൂസിന്റെ തിരുനാൾ 22 മുതൽ
1600679
Saturday, October 18, 2025 4:13 AM IST
ആലുവ: ആലുവ എട്ടേക്കർ തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ 22 ന് ആരംഭിക്കും. അന്ന് വൈകുന്നേരം 5.30 ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കൊടിയേറ്റും. തുടർന്ന് ആഘോഷമായ ദിവ്യബലി. 30 നാണ് പ്രസിദ്ധമായ ഊട്ടുതിരുനാൾ.
22 മുതൽ ദിവസവും വൈകിട്ട് 5.30 ന് ദിവ്യബലി ഉണ്ടാകും. തിരുനാൾ ദിനമായ 26 ന് രാവിലെ 9.30 ന് കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി. തുടർന്ന് ചൂണ്ടി ഭാഗത്തേക്ക് പ്രദക്ഷിണം. വൈകിട്ട് 5.30 ന് തിരുനാൾ ദിവ്യബലി.
രാത്രി ഏഴിന് മൂന്നാമത് ഫ്രീ സ്റ്റൈൽ ഡാൻസ് ഫൈനൽ എഡിഷൻ മത്സരം. വരാപ്പുഴ അതിരൂപതയിലെയും എറണാകുളം-അങ്കമാലി അതിരൂപതയിലെയും ഇടവകകൾ പങ്കെടുക്കും.
ഊട്ടുതിരുന്നാൾ ദിനമായ 30ന് രാവിലെ ആറു മുതൽ രാത്രി ഏഴു വരെ തിരുക്കർമങ്ങൾ ഉണ്ടാകും. രാവിലെ 9.30 ന് തിരുനാൾ ദിവ്യബലിക്ക് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നേർച്ച സദ്യ ആശീർവാദം. രാവിലെ 10.30 മുതൽ രാത്രി 10 വരെ ഊട്ടുനേർച്ച ഉണ്ടായിരിക്കും.
ഒരു ലക്ഷത്തോളം പേരെ പ്രതീക്ഷിക്കുന്നതായി ഊട്ടുതിരുനാൾ രക്ഷാധികാരികളായ അൻവർ സാദത്ത് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ലിജി , വികാരി ഫാ. റോക്കി കൊല്ലംപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. സഹ വികാരി ഫാ. ജിലു ജോസ് മുല്ലൂർ, ജനറൽ കൺവീനർ ജോണി ക്രിസ്റ്റഫർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.