ബിജെപി ഭരണത്തിലൂടെ സമഗ്ര വികസനം: രാജീവ് ചന്ദ്രശേഖർ
1600681
Saturday, October 18, 2025 4:25 AM IST
തൃപ്പൂണിത്തുറ: ബിജെപി മുനിസിപ്പാലിറ്റിയിൽ ഭരണത്തിലെത്തുന്നതോടെ തൃപ്പൂണിത്തുറയുടെ സമഗ്ര വികസനം സാധ്യമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃപ്പൂണിത്തുറയിൽ നടന്ന ബിജെപി മുനിസിപ്പൽ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും അഴിമതി രഹിതമായ ഭരണവും വികസന പദ്ധതികളുമായി വേറിട്ടു നിൽക്കുകയാണെന്നും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഭരണനിർവഹണം മറ്റുള്ളവർക്ക് മാതൃകയായി നിലകൊള്ളുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് അജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ അധ്യക്ഷൻ കെ.എസ്. ഷൈജു, സംസ്ഥാന ഉപാധ്യക്ഷൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ, മണ്ഡലം ഇൻചാർജ് സമീർ ശ്രീകുമാർ, ജനറൽ സെക്രട്ടറിമാരായ നവീൻ കേശവൻ, കെ.ബി. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. മുനിസിപ്പാലിറ്റിയിലെ പൗര പ്രമുഖരുമായി അദ്ദേഹം സംവദിച്ചു.