അങ്കമാലി ഉപജില്ലാ കലാമേള മൂക്കന്നൂരിൽ; ഒരുക്കങ്ങൾ പൂർത്തിയായി
1601236
Monday, October 20, 2025 4:26 AM IST
അങ്കമാലി: വിദ്യാഭ്യാസ ഉപജില്ല കലാമേളയ്ക്ക് മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഓർഫനേജ് ഹൈകൂൾ ഒരുങ്ങി. പന്തലിന്റെ കാൽനാട്ടുകർമം റോജി എം. ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കലാമേള സംഘാടക സമിതി ചെയർമാനുമായ കെ.വി. ബിബീഷ് അധ്യക്ഷത വഹിച്ചു.
വിവിധ രചനാ മത്സരങ്ങൾ കഴിഞ്ഞ ദിവസം നടത്തി. നാളെ മുതൽ 23 വരെയാണ് കലാമത്സരങ്ങൾ അരങ്ങേറുന്നത്. 12 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ അങ്കമാലി ഉപജില്ലയിലെ 125 വിദ്യാലയങ്ങളിൽ നിന്നായി അയ്യായിരത്തോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. കലാമേളയ്ക്ക് തുടക്കമായി നാളെ രാവിലെ ഒന്പതിന് സ്കൂൾ മാനേജർ ബ്രദർ ഡോ. വർഗീസ് മഞ്ഞളി പതാക ഉയർത്തും.
റോജി എം. ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം ബെന്നി ബഹനാൻ എം പി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യപ്രഭാഷണം നടത്തും.
ജനറൽ കൺവീനറും എസ്എച്ച്ഒ എച്ച്എസ് ഹെഡ്മിസ്ട്രസുമായ സോണിയ വർഗീസ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സീന പോൾ, എസ്എച്ച് ഒ എച്ച് എസ് പി ടി എ പ്രസിഡന്റ് നൈജോ ആന്റണി, സ്കൂൾ ലീഡർ ഏയ്ഞ്ചൽ പ്രിൻസൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി പ്രവർത്തിക്കുന്നു.