കാടുകയറി ഭൂതത്താൻകെട്ടിലെ ക്വാർട്ടേഴ്സുകൾ
1601248
Monday, October 20, 2025 4:35 AM IST
കോതമംഗലം: ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിലെ ക്വാർട്ടേഴ്സുകൾ കാടുകയറി നശിക്കുന്നു. പെരിയാർവാലിയുടെ ഉടമസ്ഥതയിലുള്ളതാണ് ക്വാർട്ടേഴ്സുകൾ. കാട് മൂടിയിരിക്കുന്ന പരിസരം, ആൾത്താമസമില്ലാത്ത കെട്ടിടങ്ങൾ. ഒറ്റനോട്ടത്തിൽ സ്ഥലപ്പേരിലുള്ള ഭൂതങ്ങളിവിടെയാണോ എന്ന് പോലും തോന്നിപ്പിക്കുന്ന അന്തരീക്ഷം.
മുമ്പ് പെരിയാർവാലിയിലെ ജീവനക്കാരുടെ ക്വാട്ടേഴ്സുകളായിരുന്നു ഈ കെട്ടിടങ്ങൾ. പതിനഞ്ചോളം ക്വാർട്ടേഴ്സുകളിൽ ഇപ്പോൾ ഉപയോഗിക്കുന്നത് രണ്ടെണ്ണം മാത്രം. മറ്റുള്ളവയെല്ലാം ആവശ്യത്തിന് പരിപാലനമില്ലാതെ തകർച്ചയുടെ വക്കിൽ. ഇതേ അവസ്ഥ തുടർന്നാൽ കെട്ടിടങ്ങൾ ഉപയോഗശൂന്യമാകാൻ അധികകാലം കാത്തിരിക്കേണ്ടതില്ല.
ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ ടൂറിസം ആവശ്യത്തിന് ഉപയോഗപ്പെടുത്താൻ മുമ്പ് തീരുമാനമെടുത്തിരുന്നതാണ്. കെടിഡിസിക്ക് കൈമാറാനും നടപടി എടുത്തിരുന്നു. വിനോദ സഞ്ചാരികൾക്കായുള്ള കോട്ടേജുകളാക്കി മാറ്റാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി ലക്ഷക്കണക്കിന് രൂപ മുടക്കി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയതുമാണ്.
കെടിഡിസിയുടെ നേതൃത്വത്തിൽ വികസന പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. ഇതിന് മുന്നോടിയായി ബിയർ പാർലർ തുടങ്ങി. ഈ നീക്കത്തിന് മുൻകൈയെടുത്തവർ സ്ഥാനങ്ങളിൽ നിന്ന് മാറിയത് പദ്ധതിക്ക് തിരിച്ചടിയായി. പിന്നീട് ബിയർ പാർലർ അടച്ചുപൂട്ടി. കെടിഡിസി ഭൂതത്താൻകെട്ടിനോട് സലാം പറഞ്ഞു.
ഇറിഗേഷൻ ടൂറിസം പദ്ധതിയുടെ ഭാഗമായി പെരിയാർവാലിയുടെ കെട്ടിടങ്ങളടക്കം കരാറെടുത്ത സ്വകാര്യ കമ്പനിക്ക് കൈമാറാൻ ജലവിഭവ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിൽ ക്വാട്ടേഴ്സ് കെട്ടിടങ്ങളും ഉൾപ്പെടും. പദ്ധതിയുടെ തുടർനടപടികൾ അനിശ്ചിതത്വത്തിലാണ്.
റിസർവോയറിന്റെയും തടാകത്തിന്റെയും സമീപത്താണ് ഈ കെട്ടിടങ്ങൾ. കെട്ടിടങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ മുഖച്ഛായ മാറും. പൊതുഖജനാവിലേക്ക് വരുമാനവും ലഭിക്കും.
ക്വാർട്ടേഴ്സുകൾക്ക് സമീപം ഡാം സൈറ്റിനോട് ചേർന്ന് നിർമിച്ചിട്ടുള്ള വാച്ച് ടവറും പ്രവേശനം നിഷേധിച്ച് നോക്കുകുത്തിയായി നിലകൊള്ളുകയാണ്. പെരിയാർവാലി എക്സിക്യുട്ടീവ് എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തി. തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് പ്രദേശവാസികൾ.