വലിയ ഷിപ്പുകള്‍ക്കും ഇവിടം ഓക്കെ...കരുത്ത് തെളിയിച്ച് കൊച്ചിന് ഷിപ്യാര്ഡ്
1601242
Monday, October 20, 2025 4:26 AM IST
കൊച്ചി: രാജ്യത്തെ കപ്പല്‍ നിര്‍മാണ രംഗത്ത് നിര്‍ണായക ചുവടുവയ്പ്പുമായി കരുത്ത് തെളിയിച്ചിരിക്കുകയാണ് കൊച്ചിന് ഷിപ്യാര്ഡ്. നാവികസേനയുടെ ശേഖരത്തിലേക്ക് ആറാമത്തെ അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലിന് പുറമേ രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജിംഗ് ഷിപ്പ് നിര്‍മിച്ച് നീറ്റിലിറക്കിയതാണ് ഇതില്‍ ഏറ്റവും പുതിയ ചുവടുവയ്പ്പ്. അതും 90 ശതമാനവും തദ്ദേശീയമായി നിര്‍മിച്ച കപ്പല്‍ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ച്.
എല്‍എന്‍ജി ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കപ്പല്‍ നിര്‍മിച്ചു നല്കാന് ലോകത്തെ മൂന്നാമത്തെ വലിയ ഷിപ്പിംഗ് കമ്പനി, കൊച്ചിന് ഷിപ്യാര്ഡില് നിന്ന് താത്്പര്യപത്രം ക്ഷണിച്ചതും കഴിഞ്ഞ ദിവസമായിരുന്നു.
ഇതാദ്യമായാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ കപ്പല്‍ നിര്‍മാണ ശാലയ്ക്ക് എല്‍എന്‍ജി കപ്പലുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ലഭിക്കുന്നത്.
മഗ്ദല സ്പെഷലാണ്
നാവികസേനയ്ക്ക് വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന എട്ട് ആന്റി സബ്മറൈന് വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകളില്‍ ആറാമത്തേതാണ് ഇന്നലെ നീറ്റിലിറക്കിയ ഐഎന്‍എസ് മഗ്ദല. രാജ്യത്ത് തദ്ദേശീയമായി രൂപകല്പന ചെയ്തു നിര്‍മിച്ച അന്തര്‍വാഹിനി കപ്പലിന് 78 മീറ്റര്‍ നീളവും 896 ടണ്‍ ഭാരവുമുണ്ട്.
മണിക്കൂറില്‍ 25 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള കപ്പലില്‍ അത്യാധുനിക അണ്ടര്‍വാട്ടര്‍ സെന്‍സറുകള്‍, വെള്ളത്തില്‍നിന്നു വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോര്‍പ്പിഡോകള്‍, റോക്കറ്റുകള്‍, മൈനുകള്‍ വിന്യസിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്.
നേരത്തെ ഐഎന്‍എസ് മാഹി, ഐഎന്‍എസ് മാല്‍വന്‍, ഐഎന്‍എസ് മാംഗ്രോള്‍, ഐഎന്‍എസ് മാല്‍പേ, ഐഎന്‍എസ് മുള്‍ക്കി എന്നിങ്ങനെ അഞ്ച് അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍ നാവികസേനയ്ക്ക് കൈമാറിയിരുന്നു.
ഭീമന് ഗോദാവരി
ഡ്രഡ്ജിംഗ് കോര്പറേഷന് ഓഫ് ഇന്ത്യക്കു വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറാണ് ഡിസിഐ ഡ്രഡ്ജ് ഗോദാവരി. 12,000 ക്യുബിക് മീറ്റര്‍ ശേഷിയുള്ള സക്ഷന്‍ ഹോപ്പര്‍ ഡ്രഡ്ജറാണിത്. നെതര്‍ലന്‍ഡ്സിലെ റോയല്‍ ഐഎച്ച്സിയുമായി സഹകരിച്ചായിരുന്നു നിര്‍മാണം.
127 മീറ്റര്‍ നീളവും 28.4 മീറ്റര്‍ വീതിയുമാണ് കപ്പലിനുള്ളത്. വലിയ ചരക്കുകപ്പലുകള്‍ക്കടക്കം രാജ്യത്തെ തുറമുഖങ്ങളിലേക്ക് അടുപ്പിക്കാവുന്ന തരത്തില്‍ തുറമുഖ നവീകരണം, കപ്പല്‍ ചാലുകളുടെ പരിപാലനം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി 2022 മാര്‍ച്ചിലാണ് ഡ്രഡ്ജർ നിര്‍മാണം ആരംഭിച്ചത്. ഇതോടെ വലിയ കപ്പലുകളുടെ നിര്‍മാണത്തിനും ശേഷി തെളിയിച്ചിരിക്കുകയാണ് കൊച്ചിന് ഷിപ്യാര്ഡ്.
സാങ്കേതികത്തികവില്‍ ഹൈബ്രിഡ് വെസല്‍ തീരത്തുനിന്ന് വളരെ അകലെയായുള്ള പ്രവൃത്തികള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്തതാണ് ഇന്നലെ കമ്മീഷന് ചെയ്ത ഹൈബ്രിഡ് ഇലക്ട്രിക് മെഥനോള്‍ റെഡി സര്‍വീസ് ഓപ്പറേഷന് വെസല്‍.
സാധാരണഗതിയില്‍ ഡീസല്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കാനും കാറ്റാടിപ്പാടങ്ങളിലെ ടര്‍ബൈനുകള്‍ക്കടുത്ത് വളരെ കുറഞ്ഞ വേഗത്തില്‍ സഞ്ചരിക്കുമ്പോഴോ, ഡോക്ക് ചെയ്യുമ്പോഴോ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനും കഴിയുന്ന രീതിയിലാണ് കപ്പലിന്റെ നിര്‍മാണം.
ഭാവിയില്‍ മെഥനോള്‍ ഇന്ധനമായി ഉപയോഗിക്കാനുള്ള സാങ്കേതിക സൗകര്യത്തോടെയാണ് ഈ കപ്പല്‍ നിര്‍മിച്ചിരിക്കുന്നത്. മണിക്കൂറില്‍ 13 നോട്ടിക്കല്‍ മൈല്‍ വേഗതയുള്ള കപ്പലിന് 93 മീറ്റര്‍ നീളവും 19.6 മീറ്റര്‍ വീതിയുമാണുള്ളത്.
കാര്‍ബൺ പുറംതള്ളല്‍ കുറയ്ക്കുന്നതിനാവശ്യമായ ക്ലീനര്‍ എനര്‍ജി സംവിധാനങ്ങളോടെ രൂപകല്പന ചെയ്ത ഇത് ഓഫ്ഷോര്‍ സാങ്കേതിക വിദഗ്ധര്‍ക്കുള്ള ഒരു ഫ്ളോട്ടിംഗ് ഹോട്ടലായും ഉപയോഗിക്കാം.
അടുത്ത ലക്ഷ്യം വമ്പന്‍ ബ്ലോക്ക് നിര്‍മാണ യൂണിറ്റ്
കൊച്ചി: കപ്പല്‍ നിര്‍മാണത്തിലെ സുപ്രധാന ഘടകമായ സ്റ്റീല്‍ ബ്ലോക്കുകള്‍ നിര്‍മിക്കുന്നതിനായി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനു സമീപം പുതിയ ബ്ലോക്ക് ഫാബ്രിക്കേഷന്‍ ഫെസിലിറ്റി (ബിഎഫ്എഫ്) സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് കൊച്ചിന് ഷിപ്യാർഡ് (സിഎസ്എല്‍).
80 ഏക്കര്‍ വിസ്തൃതിയില്‍ ആഗോള പങ്കാളിത്തത്തോടെ ഒരു ലക്ഷം ടണ്‍ ശേഷി പ്രതിവര്‍ഷം ഒരു ലക്ഷം ടണ്‍ ബ്ലോക്ക് നിര്‍മാണശേഷിയുള്ള വമ്പന്‍ പ്ലാന്റാണു നിര്‍മിക്കുക. സാങ്കേതിക അനുമതികള്‍ ലഭിച്ച ശേഷം 20 മാസത്തിനകം യൂണിറ്റ് സജ്ജമാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. നിലവിലെ പ്ലാന്റിന് 20,000 ടണ്‍ ശേഷിയാണുള്ളത്.
പുതിയ ഡ്രൈഡോക് സജ്ജമായതോടെ എല്‍എന്‍ജി കാരിയറുകളും വിമാനവാഹിനിക്കപ്പലുകളും ഉള്‍പ്പെടെ വമ്പന്‍ കപ്പലുകള്‍ നിര്‍മിക്കാന്‍ സിഎസ്എലിനു കഴിയും.