മറ്റുള്ളവരേയും നമ്മളായിത്തന്നെ കാണണം: ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ
1600822
Sunday, October 19, 2025 4:17 AM IST
പിറവം: നമ്മൾ ഓരോരുത്തരും മറ്റുള്ളവരേയും നമ്മളായിത്തന്നെ കാണണമെന്നും, ഒറ്റയ്ക്കാണെന്നുള്ള ചിന്ത മനസിൽനിന്നും തുടച്ചു നീക്കണമെന്നും ഹൈക്കോടതി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ. കേരളത്തിലെ ജനങ്ങളുടെ ഒത്തൊരുമയും, പങ്കാളിത്തവുമെല്ലാം മറ്റെല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണ്. പിറവത്ത് നടന്ന അമേരിക്കയിലെ മലയാളി സംഘടനയായ ഫോമ യുടെ കാരുണ്യ ചികിത്സ സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു ജസ്റ്റീസ്.
പിറവം ഹോളി കിംഗ്സ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ജൂലി സാബു അധ്യക്ഷത വഹിച്ചു. കെ.എം. മാണി ബജറ്റ് റീസേർച്ച് സെന്റർ ചെയർപേഴ്സൺ നിഷ ജോസ് കെ. മാണി നഗരസഭാ പരിധിയിലെ 450 ഓളം രോഗികൾക്കുള്ള ഭക്ഷ്യ ധാന്യ കിറ്റ് -സാമ്പത്തിക സഹായത്തിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.
ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മുൻ എംഎൽഎ മാരായ വി. ജെ. പൗലോസ്, എം. ജെ. ജേക്കബ്, മുൻ നഗരസഭാ ചെയർമാനും, ഫോമയുടെ കേരള കൺവൻഷൻ സംഘാടകനുമായ സാബു കെ. ജേക്കബ്, നഗരസഭാ വൈസ് ചെയർമാൻ കെ. പി. സലിം തുടങ്ങിയവർ പ്രസംഗിച്ചു.
മികച്ച സംസ്ഥാന കർഷകനായി തെരെഞ്ഞെടുത്ത മോനു വർഗീസ് മാമനും, ലഹരി വിരുദ്ധ പ്രവർത്തകൻ ബേബി കാളിയമ്പുറത്തിനും, പിവത്തു ഫോമ നടത്തിയ അമൃത മെഗാ മെഡിക്കൽ ക്യാമ്പുമായി സഹകരിച്ച പിറവം ബിപിസി കോളജ്, വെൽ കെയർ കോളജ് ഓഫ് നഴ്സിംഗ് വെട്ടിക്കൽ,എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ആർ എൽ വി വിദ്യാദാസിനും പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഇതിനൊപ്പം നഗരസഭയിലെ 27 ആശാ വർക്കർമാരെയും ഫോമയുടെ നേതൃത്വത്തിൽ ആദരിച്ചു.